Your Image Description Your Image Description
Your Image Alt Text

യുഡിഎഫിൽ മുസ്‌ലിം ലീഗിന്റെ ഈറ്റില്ലമാണ് മലപ്പുറം ലോക്സഭാ മണ്ഡലം. ഒരു പന്ത് നീട്ടിയടിച്ചാൽ ചെന്നുവീഴാവുന്ന 7 നിയമസഭാ മണ്ഡലങ്ങളിലും ലീഗിന്റെ എംഎൽഎമാരാണ് . പക്ഷേ, ഈ പച്ചപ്പിനിടയിലും 2004 ൽ മഞ്ചേരി മണ്ഡലമായിരുന്നപ്പോൾ ലീഗിനേറ്റ അപ്രതീക്ഷിത തോൽവിയുടെ കറ മറഞ്ഞുകിടപ്പുണ്ട്.

അതിലാണ് എൽഡിഎഫിന്റെയും പ്രത്യേകിച്ച് സിപിഎമ്മിന്റെയും പ്രതീക്ഷ. പയറ്റിത്തെളിഞ്ഞ മുസ്‌ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ യുഡിഎഫിനായും കന്നിയങ്കത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് എൽഡിഎഫിനായും പോരാടുന്നു. എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കേരളപ്പിറവിക്കു മുൻപ് മലപ്പുറം എന്ന പേരിലായിരുന്നു മണ്ഡലം. 1952 ൽ ലീഗിലെ ബി.പോക്കർ ആദ്യ എംപിയായി. പിന്നീടു പുനഃസംഘടനയിൽ മണ്ഡലം മഞ്ചേരി ആയി. 1957ൽ പോക്കറും പിന്നീട് 3 തവണ എം.മുഹമ്മദ് ഇസ്മായിലും 4 തവണ വീതം ഇബ്രാഹിം സുലൈമാൻ സേട്ടും ഇ.അഹമ്മദും ലീഗ് ടിക്കറ്റിൽ മണ്ഡലത്തിലെ നായകരായി.

2004 ൽ മഞ്ചേരിയുടെ ‘ഫൈനൽ മത്സരത്തിൽ’ അട്ടിമറിയിലൂടെ സിപിഎമ്മിലെ ടി.കെ.ഹംസ എൽഡിഎഫിനായി ചെങ്കൊടി നാട്ടി. പിന്നീട് പുനഃസംഘടനയിൽ മണ്ഡലം വീണ്ടും മലപ്പുറമായി. എൽഡിഎഫിന് മുൻതൂക്കമുണ്ടായിരുന്ന കോഴിക്കോട്ടെ 2 നിയമസഭാ മണ്ഡലങ്ങൾ പോയതോടെ മലപ്പുറം ലീഗിന്റെ സ്വന്തം കളിക്കളമായി ’.

2009 ൽ നിലവിലെ മണ്ഡലത്തിലെ ആദ്യ അങ്കത്തിൽ ടി.കെ.ഹംസയെ പരാജയപ്പെടുത്തി ഇ.അഹമ്മദ് ലീഗിന്റെ വിജയത്തുടക്കമിട്ടു. 2014 ൽ വീണ്ടും അഹമ്മദ് തന്നെ കയ്യടക്കി . അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും 2019ലെ പൊതുതിരഞ്ഞെടുപ്പിലും പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലനായകന്റെ നായക വേഷമണിഞ്ഞു .

കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ 2021ൽ അബ്ദുസ്സമദ് സമദാനി ഇവിടെനിന്ന് ലോക്സഭയിലെത്തി. 2009 മുതൽ തുടർച്ചയായി 3 തവണ പൊന്നാനിയിൽനിന്ന് എംപി ആയ ഇ.ടി.മുഹമ്മദ് ബഷീറിന് വ്യക്തിപരമായും ഇത്തവണ അഭിമാന’ പോരാട്ടമാണ്.

മണ്ഡലത്തിലെ വാഴക്കാട് മപ്രം സ്വദേശിയാണദ്ദേഹം. സ്വന്തം നാട്ടിൽ സ്ഥാനാർഥിയായുള്ള ആദ്യ മത്സരം. മണ്ഡലം വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തുകയാണ് മുൻ വിദ്യാഭ്യാസമന്ത്രി കൂടിയായ ഇ.ടിയുടെ ദൗത്യം.
കോഴിക്കോട് സൗത്ത് കൊടിയത്തൂരിൽ നിന്നാണ് എൽഡിഎഫിലെ വി.വസീഫ് അങ്കം കുറിക്കാനെത്തുന്നത് .

വിദ്യാർഥി–യുവജന സംഘടനാ പാടവമാണു വസീഫിന്റെ കരുത്ത്. ചാനൽ ചർച്ചകളിലൂടെ പരിചിത മുഖമാണ് . എൻഡിഎക്ക് 201 9ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണൻ നേടിയ 82,332 വോട്ടാണു മണ്ഡലത്തിലെ ഉയർന്ന നേട്ടം. കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ കൂടിയായ എ.പി.അബ്ദുല്ലക്കുട്ടിയായിരിക്കും ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത് .

Leave a Reply

Your email address will not be published. Required fields are marked *