Your Image Description Your Image Description
Your Image Alt Text

സമരാഗ്‌നി സമാപന സമ്മേളനം എല്ലാ അർത്ഥത്തിലും വിവാദത്തിലായി . ദേശീയഗാനം തെറ്റിച്ചു പാടിയ കോൺഗ്രസ് നേതാവ് പാലോട് രവിയും നേതാക്കളുടെ പ്രസംഗം തീരും മുമ്പേ പിരിഞ്ഞു പോയ പ്രവർത്തകരുമെല്ലാം പ്രതിസന്ധിയായി. സമരാഗ്നി തീർന്നു. ഇനി പ്രചരണത്തിലേക്കാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങളെല്ലാം അതിവേഗം കോൺഗ്രസ് നേതൃത്വം മറക്കും.

സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്കിന് മുന്നിലേക്കെത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു. എന്നാൽ വരികൾ തെറ്റിയതോടെ സിദ്ദിഖ് ഇടപെട്ടു. ‘അവിടെ സിഡി ഇട്ടോളും’ എന്നു പറഞ്ഞ് രവിയെ മൈക്കിനു മുന്നിൽനിന്നു മാറ്റി.

ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർത്തിയാക്കിയത്. ഇതിനൊപ്പമാണ് കസേരകൾ കാലിയായതിൽ സുധാകരൻ അമർഷം കാട്ടിയത്. സമരാഗ്‌നിയുടെ സമാപന വേദിയിലാണ് ദേശീയ ഗാനം കോൺഗ്രസ് നേതാവ് പാലോട് രവി തെറ്റിച്ച് പാടിയത്.

എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കൾ വേദിയിലുള്ളപ്പോഴാണ് ദേശീയ ഗാനം തെറ്റായി പാടിയത്. ”ജനഗണ മംഗള ദായക ജയഹേ..” എന്ന് പാടിയതും അടുത്ത് നിന്നിരുന്ന ടി.സിദ്ദിഖ് പാലോട് രവിയെ തട്ടിമാറ്റി മൈക്ക് പൊത്തി. ”സിഡി ഇരിപ്പുണ്ട്, അത് ഇടാം” എന്നും സിദ്ദിഖ് വേദിയിൽ പറയുന്നതും ജനങ്ങൾ ലൈവായി ലോകം മുഴുവണം കണ്ടു .

ദേശീയ ഗാനം തെറ്റിച്ച് പാടിയ പാലോട് രവിയെ നോക്കി കൊടിക്കുന്നിൽ സുരേഷ് എംപി പൊട്ടിച്ചിരിക്കുന്നതും ലൈവിൽ കാണാം. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നു തുടങ്ങി.

കഴിഞ്ഞ ദിവസം കെ.സുധാകരന് പകരം ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സമരാഗ്‌നിയുടെ വേദിയിൽ ആന്റോ ആന്റണി എംപി സ്വാഗതം നേർന്നതും ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിന് മുൻപ് സുധാകരന്റെ തെറിവിളിയും വലിയ ചർച്ചയായിരുന്നു.

സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ പിരിഞ്ഞുപോയതിൽ സുധാകരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നായിരുന്നു സുധാകരന്റെ ചോദ്യം.

ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി വി.ഡി.സതീശൻ മറുപടി നൽകി.

”മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട” സതീശൻ പറഞ്ഞു. ഏതായാലും സമരാഗ്നി ഒടുവിൽ വിവാദഗ്നിയായി .

Leave a Reply

Your email address will not be published. Required fields are marked *