Your Image Description Your Image Description
Your Image Alt Text

മണ്ണഞ്ചേരി പഞ്ചായത്ത് എ.എസ്. കനാലില്‍ ആരംഭിക്കുന്ന വളപ്പ് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യകൃഷിയ്ക്കായി സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. എ.എസ്. കനാലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ 21, 22, 23 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗത്താണ് മത്സ്യകൃഷി നടത്തുന്നത്. ഐ.ടി.സി. ബണ്ട് മുതല്‍ ഹോസ്പ്പിറ്റല്‍ ബണ്ട് വരെയുള്ള 600 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഭാഗമാണിത്. സമൃദ്ധി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കൃഷി. പൊതുജലാശയങ്ങളില്‍ വലവളച്ചുകെട്ടി പരിസ്ഥിതി സൗഹാര്‍ദ രീതിയില്‍ താത്കാലിക ചിറകളുണ്ടാക്കി സ്വാഭാവിക നീരൊഴുക്ക് തടയാതെയാണ് മത്സ്യകൃഷി.

കനാലില്‍ മീന്‍ വളര്‍ത്തുന്നതിനായി ചെറിയ ഗ്രൂപ്പുകള്‍ ആരംഭിക്കും. ഇവര്‍ക്ക് സബ്‌സിഡിയോടെ മീന്‍ കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും നല്‍കും. കരിമീന്‍, വരാല്‍ മീന്‍ കുഞ്ഞുങ്ങളെയായിരുക്കും നല്‍കുക. ജില്ലാ പഞ്ചായത്ത് ഇതിനായി 40 ശതമാനം തുക മുടക്കും. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ മത്സ്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒപ്പം, ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലും വരുമാനവും ലഭിക്കും. മീന്‍ വളര്‍ത്തുന്ന ജലാശയങ്ങള്‍ മാലിന്യമുക്തമായിരിക്കും. ഇതിലൂടെ ശുദ്ധ മത്സ്യം ലഭിക്കും. മത്സ്യ ഭക്ഷണ ശാലകള്‍, ഫിഷറീസ് വകുപ്പിന്റെ കീഴില്‍ മത്സ്യക്കടകള്‍, അന്തിപ്പച്ച മത്സ്യ വിപണനം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യ ഉത്പാദനം വര്‍ധിപ്പിച്ച് മത്സ്യ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സുസ്ഥിര വരുമാനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി. ഈ സാമ്പത്തിക വര്‍ഷം 4.32 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ഹെക്ടര്‍ ജലാശയത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മുഖ്യതിഥിയായി. ജില്ല പഞ്ചായത്ത് അംഗം ആര്‍.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുയമോള്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍, വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. സന്തോഷ്, ഉദയമ്മ, പഞ്ചായത്ത് അംഗം ഗീതാ കുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *