Your Image Description Your Image Description
Your Image Alt Text

എന്തിനാണ് ജനങ്ങള്‍ കോണ്‍ഗ്രസ്സിനു വോട്ട് ചെയ്യേണ്ടത് എന്നതിന് , കോണ്‍ഗ്രസ്സ് നേതൃത്വം തന്നെയാണ് വിശദീകരണം നല്‍കേണ്ടത്. കോണ്‍ഗ്രസ്സിലൂടെ ബി.ജെ.പി നേട്ടം ഉണ്ടാക്കുന്ന കാഴ്ചയ്ക്കാണ് , രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കണ്ടതും , അതു തന്നെയാണ്. കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിയ്ക്കാണ് ഇവിടെ വോട്ട് ചെയ്തിരിക്കുന്നത്. ഇതോടെ , വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ്സിന്റെ ഏക തുരുത്തിലും അവര്‍ക്ക് ഭരണം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. നിലവിലെ കണക്കുവച്ച് അവിശ്വാസപ്രമേയത്തെ നേരിട്ടാല്‍ , ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് ഭരണമാണ് അതോടെ വീഴുക

രാജ്യസഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 34 എം.എല്‍.എമാരുടെ പിന്തുണമാത്രമാണ് നിലവില്‍ കോണ്‍ഗ്രസ്സിനുള്ളത്. 68 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 35 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.6 കോണ്‍ഗ്രസ് എംഎല്‍എമാരെയും രണ്ട് സ്വതന്ത്രരെയുമാണ് ബിജെപി റാഞ്ചിയിരിക്കുന്നത്.ഇവരെ ബിജെപി തട്ടിക്കൊണ്ടു പോയി എന്ന് വിലപിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വം, രാജ്യത്തെ ജനങ്ങള്‍ക്കു മുന്നിലാണ് അപഹാസ്യരായിരിക്കുന്നത്. എന്തൊക്കെ സമവായം ഉണ്ടാക്കിയാലും , നഷ്ടപ്പെട്ട ഈ ഇമേജ് തിരിച്ചു പിടിക്കുക എളുപ്പമല്ല

കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ദൂരമാണ് കുറഞ്ഞ് കുറഞ്ഞ് ഇല്ലാതായിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ഇനി കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ , എങ്ങനെ കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുമെന്നതും , പ്രസക്തമായ ചോദ്യമാണ്. കോണ്‍ഗ്രസ്സിന് ഒപ്പം സഖ്യമായി മത്സരിക്കുന്ന മുസ്ലീംലീഗിനെ കൂടി വെട്ടിലാക്കുന്ന നീക്കമാണിപ്പോള്‍ , ഹിമാചല്‍ പ്രദേശില്‍ നടന്നിരിക്കുന്നത്. ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി ഒരിക്കലും കാണാന്‍ സാധിക്കുകകയില്ല.

ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് തന്നെ , മഹാരാഷ്ട്ര , മധ്യപ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ നിന്നും , മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളാണ് ബി.ജെ.പിയില്‍ ചേക്കേറിയിരിക്കുന്നത്.നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ കോണ്‍ഗ്രസ്സ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നതും , അടുത്തയിടെയാണ്. മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എ ആയ വിജയധരണിയാണ് , ബി ജെ പിയില്‍ ചേക്കേറിയിരിക്കുന്നത്. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലത്തിലെ, വിളവന്‍കോഡ് എം എല്‍എയാണ് കാവിയണിഞ്ഞിരിക്കുന്നത് എന്നത് , കേരളത്തിലെ മതനിരപേക്ഷ മനസ്സുകളെയും ഞെട്ടിക്കുന്നതാണ്. അതിര്‍ത്തി കടന്ന് ‘ഓപ്പറേഷന്‍ താമര’ ഇനി കേരളത്തില്‍ എത്താന്‍ , എത്ര നാള്‍ എന്നതു മാത്രമാണ് കണ്ടറിയേണ്ടത്. കോണ്‍ഗ്രസ്സിനു വോട്ടു ചെയ്യുന്നതിനു മുന്‍പ് ഇക്കാര്യവും , കേരളത്തിലെ മതനിരപേക്ഷ വോട്ടര്‍മാര്‍ ചിന്തിക്കുന്നത് നല്ലതാണ്.

രാജ്യം ഏറ്റവും കൂടുതല്‍കാലം ഭരിച്ച കോണ്‍ഗ്രസ്സിന് , അധികാരത്തില്‍ തിരിച്ചെത്താനുള്ള വിദൂര സാധ്യത പോലും നഷ്ടമായി കഴിഞ്ഞു. അവര്‍ തന്നെ നഷ്ടപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. താമരയ്ക്ക് വളരാന്‍ വള്ളിമിട്ടു നല്‍കുന്നതു തന്നെ കോണ്‍ഗ്രസ്സ് നേതാക്കളാണ്. ഹിമാചല്‍ ഭരണം കൂടി നഷ്ടമായാല്‍ , പിന്നെ രാജ്യത്ത് കോണ്‍ഗ്രസ്സിന്റെ ഭരണം രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങും. അതുപോലും , ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം , ബി.ജെ.പി അട്ടിമറിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഹിമാചലില്‍ സമവായത്തിന് നിയോഗിക്കപ്പെട്ട കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ , ആദ്യം സ്വന്തം തട്ടകത്തിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കുന്നതാണ് നല്ലത്.പ്രത്യയശാസ്ത്രപരമായ ബോധമോ , സംഘടനാപരമായ കെട്ടുറപ്പോഇന്ന് കോണ്‍ഗ്രസ്സിലില്ല. അതുകൊണ്ടാണ് ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെ , പണത്തിനും പദവികള്‍ക്കും പിന്നാലെ ഓടുന്നത്. അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണിത്. അതെന്തായാലും പറയാതെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *