Your Image Description Your Image Description
Your Image Alt Text

സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രവികസനമാണ് സര്‍ക്കാരിന്റേതെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുമ്പമണ്‍ താഴംമണ്ണാകടവ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മണ്ണാകടവില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. മണ്ണാകടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ നിവാസികള്‍ക്ക് ഗതാഗത സൗകര്യം കൂടുതല്‍ ഉപയോഗപ്രദമാകും. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും. മണ്ഡലത്തില്‍ മന്ത്രി വീണാ ജോര്‍ജ് നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

മണ്ണാകടവിന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസാരിച്ച ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനസര്‍ക്കാര്‍. റോഡുകള്‍, പാലങ്ങള്‍, ആരോഗ്യകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, തൊഴില്‍, കുടിവെള്ളം തുടങ്ങി വിവിധ മേഖലകളില്‍ സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തയാകുമ്പോള്‍ പാലത്തിനരികിലും പാലത്തിലും ഹൈമാസ്റ്റ് ലൈറ്റ് സജ്ജീക്കരിക്കുമെന്നും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടുകൂടി മണ്ണാകടവ് നിവാസികള്‍ക്ക് പന്തളത്തേക്കും തുമ്പമണ്‍ നിവാസികള്‍ക്ക് മണ്ണാകടവ്, കുളനട ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2020-21 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 5.28 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന കേരളത്തിലെ പ്രധാന നദികളില്‍ ഒന്നാണ് അച്ചന്‍കോവിലാര്‍. ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട ഗ്രാമപഞ്ചായത്തിലെയും അടൂര്‍ നിയോജക മണ്ഡലത്തിലെ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ ആവശ്യമായിരുന്നു അച്ചന്‍കോവിലാറിന് കുറുകെ മണ്ണാകടവ് ഭാഗത്ത് ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം.

84.8 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഇതില്‍ രണ്ട് സ്പാനുകള്‍ ജലത്തിലും രണ്ട് സ്പാനുകള്‍ കരയിലുമായി വിഭാവനം ചെയ്തിരിക്കുന്നു. ഇരുകരകളിലുമായി രണ്ട് അബട്ട്‌മെന്റുകളും മധ്യ ഭാഗത്തായി മൂന്ന് തൂണുകളും ഉള്ള പാലത്തിന്റെ ക്യാരേജ്‌വേയുടെ വീതി 4.25 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും ആറിന്റെ തീരസംരക്ഷണത്തിനായി ഗാബിയോണ്‍ ഭിത്തിയും അനുബന്ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *