Your Image Description Your Image Description

കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളെ ചൊല്ലി ആശങ്കയില്ലാത്തവര്‍ ആരാണ്. അതുകൊണ്ട് തന്നെ ഇതെക്കുറിച്ചെല്ലാം ഇടയ്ക്കെങ്കിലും വിവരങ്ങള്‍ മനസിലാക്കുകയും അതിന് അനുസരിച്ച് ശ്രദ്ധയോടെ നീങ്ങുകയും ചെയ്യുന്നവരുമുണ്ട്.

ഇത്തരത്തില്‍ ഏവരും അറിഞ്ഞിരിക്കേണ്ടൊരു രോഗമാണ് ഗ്ലൂക്കോമ. ധാരാളം പേര്‍ ഗ്ലൂക്കോമയെ കുറിച്ച് കേട്ടിരിക്കും. പ്രത്യേകിച്ച് പ്രായമായവരെയാണ് ഗ്ലൂക്കോമ ഏറെയും ബാധിക്കാറ്. അതേസമയം കുട്ടികളെയും ചെറുപ്പക്കാരെയുമെല്ലാം ബാധിക്കുന്ന അവസരങ്ങളുമുണ്ട്.

അറുപതിന് ശേഷം ആളുകളെ അന്ധതയിലേക്ക് നയിക്കുന്നതിന് വലിയൊരു കാരണമായിട്ടുള്ള രോഗമാണ് ഗ്ലൂക്കോമ. സത്യത്തില്‍ ഇത് ഒരു രോഗമല്ല, നമ്മുടെ കണ്ണിലെ ഒപ്റ്റിക് നെര്‍വിനെ തകരാറിലാക്കുന്ന ഒരു പിടി രോഗങ്ങളെ ഒന്നിച്ചാണ് ഗ്ലൂക്കോമ എന്ന് വിശേഷിപ്പിക്കുന്നത്.

ഒപ്റ്റിക് നെര്‍വ് ആണ് കണ്ണുകളില്‍ നിന്ന് കാഴ്ചയുടെ വിശേഷങ്ങളെ തലച്ചോറിലേക്ക് എത്തിക്കുന്നത്. അതായത് അത്രമാത്രം പ്രധാനപ്പെട്ട ഭാഗമെന്ന് സാരം. അതിനാല്‍ തന്നെ ഇത് ബാധിക്കപ്പെടുന്ന അവസ്ഥയും നിസാരമായിരിക്കില്ലല്ലോ.
ഗ്ലൂക്കോമയുടെ ഏറ്റവും വലിയൊരു വെല്ലുവിളി എന്തെന്നാല്‍ ഇത് ആദ്യഘട്ടങ്ങളിലൊന്നും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതാണ്. പിന്നിടങ്ങോട്ട് കാഴ്ച തടസപ്പെടുമ്പോള്‍, പരിശോധന നടത്തുന്നതിന് പിന്നാലെ മാത്രമാണ് രോഗമിതാണെന്ന് നിര്‍ണയിക്കപ്പെടുക. അപ്പോഴേക്ക് ചിലപ്പോള്‍ വളരെ വൈകിയിരിക്കും.

കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുകയെന്നതാണ് ഗ്ലൂക്കോമ നേരത്തെ കണ്ടെത്തുന്നതിനുള്ള ഏക മാര്‍ഗം. വിശേഷിച്ചും കുടുംബത്തിലാര്‍ക്കെങ്കിലും ഇതുണ്ടെങ്കില്‍ കൂടെക്കൂടെയുള്ള പരിശോധന നിര്‍ബന്ധം.

ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങള്‍ കാണിക്കില്ലെങ്കിലും തുടര്‍ന്ന് ലക്ഷണങ്ങള്‍ പ്രകടമാകാം. കാഴ്ചയുടെ വശത്തായി ചെറിയ കുത്തുകള്‍, വശത്തെ കാഴ്ച മങ്ങുക, കടുത്ത തലവേദന, കടുത്ത കണ്ണ് വേദന, ഓക്കാനമോ ഛര്‍ദ്ദിയോ, വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ അതിന് ചുറ്റുമായി ഹാലോ (വെളിച്ചത്തിന്‍റെ വലയം) കാണുക, കണ്ണില്‍ ചുവപ്പുനിറം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്.

ഗ്ലൂക്കോമ അധികരിച്ചുകഴിയുമ്പോള്‍ വശത്തുള്ള കാഴ്ച മങ്ങല്‍ തന്നെ നടുവിലേക്കും പടരാം. കുട്ടികളിലാണെങ്കില്‍ കണ്ണില്‍ നിന്ന് നീര്‍ വന്നുകൊണ്ടേയിരിക്കുന്ന ലക്ഷണം കൂടി കാണാം.

Leave a Reply

Your email address will not be published. Required fields are marked *