Your Image Description Your Image Description

തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ വിരോധത്തില്‍ കടയുടമയെ ജീവനക്കാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷാഹിറിനാണ് വെട്ടേറ്റത്. മുട്ടത്തറ സ്വദേശി ഇബ്രാഹിമിനെയും രണ്ട് സുഹൃത്തുക്കളെയും പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 13 നാണ് കേസിനാസ്പദമായ സംഭവം. മുട്ടത്തറയില്‍ എസി, ഫ്രിഡ്ജ് സര്‍വീസ് സെന്‍റര്‍ നടത്തുകയാണ് ഷാഹിര്‍. കടയിലേക്ക് മെക്കാനിക്കല്‍ ജോലിക്കായാണ് 21 കാരനായ ഇബ്രാഹിമിനെ നിയമിച്ചത്. പത്തു ദിവസത്തിനകം ഷോപ്പിലെ മറ്റൊരു ജീവനക്കാരനുമായി ഇബ്രാഹിം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. മറ്റു ജോലിക്കാരുമായും മോശം പെരുമാറ്റം ഉണ്ടായെന്ന വിവരം ലഭിച്ചതോടെ ഇബ്രാഹിമിന് പത്തു ദിവസം ജോലി ചെയ്ത പണം നല്‍കി പറഞ്ഞുവിട്ടു.

അന്നു തന്നെ ഇബ്രാഹിമും കടയുടമ ഷാഹിറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഇതിന്‍റെ പ്രതികാരമായി, ഉച്ചയോടെ മൂന്ന് സുഹൃത്തുക്കളുമായെത്തി കടയിലുണ്ടായിരുന്ന ഷാഹിറിനെ ഇബ്രാഹിം മര്‍ദിച്ചു. കയ്യില്‍ കരുതിയ ആയുധമുപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടി. തലയില്‍ ആഴത്തില്‍ മുറിവേറ്റു. ഇന്‍റര്‍ലോക്ക് കൊണ്ട് ശരീരത്തിലും മുഖത്തും ഇടിക്കുകയും ചെയ്തു.

ഷാഹിറിന്‍റെ പരാതിയില്‍ പൂന്തുറ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികള്‍ക്കെതിരെ നിസാരവകുപ്പാണ് ചുമത്തിയതെന്നും ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് ഷാഹിര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *