Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിനു മുമ്പേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ എൽഡിഎഫ്‌ തുടക്കത്തിലേ മുന്നേറ്റം കുറിച്ചു. 20 മണ്ഡലത്തിലെയും സ്ഥാനാർഥികളെ വേഗത്തിൽ പ്രഖ്യാപിക്കാൻ കഴിഞ്ഞത്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേരും നെറിയും രാഷ്‌ട്രീയസ്ഥിരതയുമാണ്‌ കാണിക്കുന്നത്‌.

രാഷ്‌ട്രീയരംഗത്തെ പത്തരമാറ്റുള്ള , തിളക്കമാർന്ന മുഖങ്ങളെയാണ്‌ സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുള്ളത്‌. പരിണത പ്രജ്ഞരും പുതുമുഖങ്ങളും പട്ടികയിലുണ്ട്. എൽഡിഎഫിന്റെ പട്ടിക ഗംഭീരമാണെന്ന്‌ രാഷ്‌ട്രീയ എതിരാളികൾപോലും പറയുമ്പോൾ അത്‌ സ്ഥാനാർഥികൾക്ക്‌ ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന്റെകൂടി പ്രതിഫലനമാണ്‌.

മുന്നണിയുടെ കെട്ടുറപ്പും പാർടികൾ തമ്മിലുള്ള ഐക്യവുമാണ്‌ ഇത് സാധ്യമാക്കിയത്‌.
നമ്മുടെ രാജ്യത്തെ സംബന്ധിച്ച്‌ നിർണായക തെരഞ്ഞെടുപ്പാണ്‌ നടക്കാൻ പോകുന്നത്‌. ജനാധിപത്യവും നാനാത്വത്തിലുള്ള ഏകത്വവും മതനിരപേക്ഷ പാരമ്പര്യവും ഫെഡറൽ സംവിധാനവും നിലനിൽക്കണമോയെന്ന ചോദ്യമാണ്‌ പ്രധാനമായും ഉയരുന്നത്‌.

ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക്‌ 10 വർഷംകൊണ്ടുണ്ടായ ഗതിവേഗം നിസ്സാരമല്ല. രാജ്യത്തിന്റെ സമ്പദ്‌‌വ്യവസ്ഥയാകെ കോർപറേറ്റ്‌ മൂലധന ശക്തികൾക്ക്‌ അടിയറവച്ച്‌ സാധാരണ മനുഷ്യന്റെ ജീവിതം ചവിട്ടിയരയ്‌ക്കുന്നതിൽ ആനന്ദം കാണുന്ന ഭരണം അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പായിരിക്കുമിതെന്നാണ്‌ രാജ്യത്തെ സ്‌നേഹിക്കുന്നവർ പറയുന്നത്‌.

ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ മാത്രം ബലത്തിൽ ഭരണം നടത്തുന്ന ബിജെപി നാൾക്കുനാൾ ജനജീവിതം കൂടുതൽ ദുരിതത്തിലാക്കി. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർക്കേണ്ട പ്രധാന പ്രതിപക്ഷമായ കോൺഗ്രസാകട്ടെ ബിജെപിയുടെ ഹിന്ദുത്വ അജൻഡയ്‌ക്കും കോർപറേറ്റ്‌ അനുകൂല സാമ്പത്തിക നയത്തിനും ചൂട്ടുപിടിക്കുന്ന പാർടിയായി മാറി.

എത്ര ഉന്നതനായ നേതാവിനും ഏത് നിമിഷവും ബിജെപിയായി രൂപം പ്രാപിക്കാൻ കഴിയുമെന്നതാണ്‌ കോൺഗ്രസിന്റെ അവസ്ഥ. കെപിസിസി പ്രസിഡന്റായാലും പ്രവർത്തക സമിതി അംഗമായാലും ബിജെപിയാകുന്നതിന്‌ ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്നതാണ്‌ സമീപകാല സംഭവങ്ങൾ ഓർമിപ്പിക്കുന്നത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന കോൺഗ്രസുകാരും ആ പാർടിയിൽ ഉറച്ചുനിൽക്കുമെന്നതിന്‌ ഉറപ്പുമില്ല. മോദി ഭക്തരായ എംപിമാർ യുഡിഎഫിൽപ്പോലും നിരവധിയുണ്ടെന്നുള്ളത്‌ ഓർക്കണം. ഇടതുപക്ഷ എംപിമാരെയും എംഎൽഎമാരെയുമാണ്‌ ബിജെപിക്ക്‌ ചാക്കിൽ കയറ്റാൻ പറ്റാത്തതുള്ളു.

അതുകൊണ്ടുതന്നെ, ബിജെപിയുടെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന്‌ അവർക്ക്‌ പരസ്യമായി പറയേണ്ടി വന്നു. കേന്ദ്ര സർക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പാർലമെന്റിൽ ഉയരുന്ന ശബ്ദം ഇടതുപക്ഷ എംപിമാരുടേതാണ്‌.

പൗരത്വ നിയമമായാലും ഏക സിവിൽ കോഡായാലും കർഷക–- തൊഴിലാളി വിരുദ്ധ ബില്ലായാലും പൊതുമേഖലയെ വിറ്റുതുലയ്‌ക്കുന്നതായാലും എതിർശബ്ദം ഉയർത്താൻ പ്രധാനമായും ഇടതുപക്ഷ എംപിമാരാണ് മുന്നോട്ട് വന്നിട്ടുള്ളത്‌.

പണംകൊടുത്ത്‌ ജനാധിപത്യത്തെ എങ്ങനെ കശാപ്പുചെയ്യാമെന്ന്‌ തെളിയിച്ച പാർടിയാണ് ബിജെപി. ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനങ്ങളിൽ എംഎൽഎമാരെ വിലയ്ക്ക്‌ വാങ്ങി ഭരണം പിടിച്ചു. കോടികൾ വാരിക്കൂട്ടാൻ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമായതിനാൽ സുപ്രീംകോടതി റദ്ദാക്കി.

ആയിരക്കണക്കിന്‌ കോടിയാണ്‌ ബോണ്ട്‌ വഴി ബിജെപി സംഘടിപ്പിച്ചത്‌. പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കുന്ന ബിജെപി ഈ തെരഞ്ഞെടുപ്പിലും പണമിറക്കി കളിക്കുമെന്നതിൽ സംശയമില്ല.

തെരഞ്ഞെടുപ്പ് അടുത്തിട്ടും തർക്കം തീരാതെ ഉഴലുന്ന മുന്നണിയാണ് യുഡിഎഫ്. ഐക്യത്തോടെ ജാഥപോലും നയിക്കാൻ കഴിയാത്തവർ. പരസ്യമായി തെറിവിളിക്കുന്നവർ. ഇത്തരക്കാരെ ജയിപ്പിച്ചതുകൊണ്ട് നാടിന് എന്ത് പ്രയോജനമെന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *