Your Image Description Your Image Description
Your Image Alt Text

ചര്‍മ്മത്ത് കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളെയാകാം സൂചിപ്പിക്കുന്നത്. ‘സ്ട്രെസ്’ അഥവാ മാനസിക സമ്മര്‍ദ്ദം കൂടുന്നത് പോലും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. അതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് മൂലം ഉറക്കക്കുറവ് മാത്രമല്ല, സോറിയാസിസ്, എക്സീമ പോലുള്ള ചർമ്മ പ്രശ്നങ്ങള്‍ വശളാകാനും കാരണമാകുമത്രേ.

മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പെട്ടെന്ന് കൈയും കാലുമൊക്കെ ചൊറിയാന്‍ തോന്നാം. മാനസിക സമ്മര്‍ദ്ദം മൂലം ശരീരത്തില്‍ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇത് മൂലമാണ് ചര്‍മ്മം ചൊറിയാനും തടിപ്പുകള്‍ ഉണ്ടാകാനും പല ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാനും കാരണമാകുന്നത്. സ്ട്രെസ് ഹോർമോണുകൾ കൂടുമ്പോള്‍, ചർമ്മത്തിലെ എണ്ണ ഉൽപാദനം വർദ്ധിക്കുന്നു. ഈ അധിക എണ്ണയ്ക്ക് സുഷിരങ്ങൾ തടയാനും അതുവഴി മുഖക്കുരു ഉണ്ടാകാനും വഴിയൊരുക്കും. എക്‌സിമ, സോറിയാസിസ്, റോസേഷ്യ എന്നിവയുൾപ്പെടെയുള്ള ചർമ്മ പ്രശ്നങ്ങള്‍ വഷളാകാനും ഇത് കാരണമാകും.

കൊളാജനെയും മാനസിക സമ്മര്‍ദ്ദം ബാധിക്കുന്നു. ഇത് മൂലം ചർമ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും ചര്‍മ്മത്ത് കൂടുതല്‍ പ്രായം തോന്നിക്കാനും വരകള്‍ വീഴാനും സഹായിക്കും. അതുപോലെ മുറിവുകള്‍ ഉണക്കാനുള്ള ചര്‍മ്മത്തിന്‍റെ സ്വാഭാവിക കഴിവിനെയും മാനസിക സമ്മര്‍ദ്ദം തടസ്സപ്പെടുത്തും. അതിനാല്‍ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്.

സ്ട്രെസ് കുറയ്ക്കാനായി രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. അതുപോലെ പതിവായി വ്യായാമം ചെയ്യുക. സ്ട്രെസ് കുറയ്ക്കാന്‍ ഇത് സഹായിക്കും. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. കൂടാതെ ഇതിനായി ശരീരത്തില്‍ ജലാംശം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *