Your Image Description Your Image Description
ആലപ്പുഴ: എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.
ആലുവ സർവ്വമത സമ്മേളന ശതാബ്ദി-2024-ന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി മാന്നാറിൽ സംഘടിപ്പിച്ച സർവ്വമത കൺവെൻഷൻ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ ആദ്യത്തെ സർവമത സമ്മേളനമായി കണക്കാക്കുന്ന 1893 ലെ ചിക്കാഗോ സർവ്വമത സമ്മേളനം എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് പറയാനായിരുന്നില്ല സംഘടിപ്പിച്ചത്. കൊളംമ്പസ് അമേരിക്ക കണ്ടുപിടിച്ചതിൻ്റെ 400-ാം വാർഷികം പ്രമാണിച്ച് നടത്തിയ ആഘോഷങ്ങളുടെ ഭാഗമായിരുന്നു അത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പ്രഖ്യാപനമാണ് ആലുവ സർവമത സമ്മേളനം നടത്തിയത്.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നാണ് അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എഴുതിവെച്ചത്. ‘ക്ഷേത്രം’ എന്ന വാക്കിനു പകരം ‘മാതൃകാസ്ഥാനം’ എന്ന വാക്ക് ഗുരു ബോധപൂർവ്വം എഴുതുകയായിരുന്നു. ക്ഷേത്രമെന്ന വാക്ക് ഒഴിവാക്കിയ ഗുരുവിനെ ഇവിടെ കാണാൻ കഴിയും. മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും പേരിൽ കലാപക്കൊടികൾ ഉയർത്തുന്നവർക്ക് എല്ലാ മതങ്ങളും ഒന്നു തന്നെയാണെന്ന
ഗുരുവചനങ്ങൾ മാതൃകയാകണം. മതനിരപേക്ഷത ലോകത്തിനു മുന്നിൽ പ്രായോഗികമായി അവതരിപ്പിക്കാൻ ഗുരുവിന് കഴിഞ്ഞു. മതവും ദൈവവും വോട്ടുബാങ്കാകുകയും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി മാറുകയും ചെയ്യുന്ന കാലത്ത് സർവ്വമത സമ്മേളനത്തിന്റെ സന്ദേശം ഓർമ്മപ്പെടുത്താൻ സർവമത കൺവെൻഷനുകൾ സഹായിക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
രാജ്യത്ത് വർഗീയതയുടെ അന്ധകാരം പടരാൻ അനുവദിക്കരുതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെയും മറ്റ് നവോത്ഥാന നായകരുടെയും വാക്കുകളും ആശയങ്ങളും വർഗീയതയ്ക്കും സങ്കുചിത ചിന്താഗതിക്കും എതിരെ പരിചയായി നമ്മുടെ കൂടെയുണ്ടാകണം. ഗുരുദേവ ദർശനം കാലാനുവർത്തിയാണ്. സർവമത സമ്മേളന ശതാബ്ദിയാഘോഷങ്ങൾ നമ്മുടെ സാഹോദര്യം കൂടുതൽ ഉയർത്തിപ്പിടിക്കാൻ പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
മതേതരമായ പുരോഗമന സ്വഭാവം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. എന്നാൽ അവയിൽ വിള്ളൽ വീഴ്ത്തുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രംഗപ്രവേശം ആശങ്കയോടെ നോക്കിക്കാണേണ്ടതുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *