Your Image Description Your Image Description
Your Image Alt Text

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം അന്വേഷണത്തിലൂടെ പൊളിഞ്ഞതു പോലെ കൊയിലാണ്ടിയിലെ കൊലപാതകത്തിന്റെ കാര്യത്തിലും നാളെ മാറ്റിപ്പറയേണ്ടിവരുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഷ്ട്രീയ പ്രതിസന്ധി വരുമ്പോഴൊക്കെ കൊലപാതകം നടത്തുന്നതു സിപിഎം ശൈലിയാണ്. ടിപി കേസ് പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെപ്പറ്റി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും സുധാകരൻ പറഞ്ഞു.

കുഞ്ഞനന്തനു വിഷം കൊടുത്തതാണെന്നാണു ജനസംസാരം. സിപിഎം നേതാക്കളുമായി തെറ്റുന്ന പ്രവർത്തകർ ‘ഞാൻ എല്ലാം തുറന്നു പറയണോ’ എന്നു ചോദിക്കുന്നു. കൊടി സുനി ഉദാഹരണം. ഇപ്പോൾ ഏതു ജയിലിൽ പോയാലും സുനിയാണു സൂപ്രണ്ട്. എല്ലാ സൗകര്യങ്ങളും നൽകുന്നു. ഇവരെയൊക്കെ നേതാക്കൾക്ക് അത്രയ്ക്കു ഭയമാണ്. ഈ ഭയത്തിൽനിന്നാണു കുഞ്ഞനന്തൻ മരിച്ചതെന്നു സിപിഎമ്മിൽ തന്നെ സംസാരമുണ്ടെന്നും സുധാകരൻ പറഞ്ഞു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടു നിയമപരമായ കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ ടിപി കേസ് വീണ്ടും തുറന്നിരിക്കുകയാണ്. ഉന്നതർ പങ്കെടുത്ത, വ്യാപക ഗൂഢാലോചന ഈ കേസിലുണ്ട്. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സതീശൻ പറഞ്ഞു

 

വി.‍ഡി.സതീശന്റെ വാക്കുകൾ2019–23 കാലത്തു മൂന്നു കേന്ദ്ര ഏജൻസികൾ റെയ്ഡ് ചെയ്ത 30 കമ്പനികൾ ബിജെപിക്കു 335 കോടി രൂപ നൽകിയെന്ന ഞെട്ടിക്കുന്ന വിവരമാണു പുറത്തുവരുന്നത്. ബിജെപിയുടെ ഇലക്ടറൽ ബോണ്ടായ 6000 കോടിയുടെ കണക്കുകൾ ചോദിച്ച കോടതിക്ക് അതുകൊടുത്താൽ ഇതിലും വലിയ അഴിമതി പുറത്തുവരും. റെയ്ഡിലൂടെ ഭയപ്പെടുത്തി പണം വാങ്ങുകയാണ്. പണം നൽകിയ 23 കമ്പനികളുടെ കേസ് നടക്കുന്ന സമയത്താണ് ആ കമ്പനികൾ മാത്രം 186 കോടി നൽകിയത്. ഇതെല്ലാം മറയ്ക്കാൻ ബിജെപി വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുകയാണ്. എൽഡിഎഫിന്റെ ലക്ഷ്യവും വർഗീയ ധ്രുവീകരണമാണ്. മുഖ്യമന്ത്രിയുടെ മുഖാമുഖം വെറും നാടകമാണ്. സർക്കാരിനെതിരായ ചോദ്യങ്ങൾ വരാതെ നേരത്തെ ആളുകളെ കണ്ടെത്തി ചോദ്യം തയാറാക്കി കൊടുക്കുന്നു. നവകേരള സദസ്സിലെപ്പോലെ ഓരോ മുഖാമുഖത്തിനും എത്രയാളെ പങ്കെടുപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.

സമരാഗ്നിയുടെ ഭാഗമായ ജനകീയ ചർച്ചാ സദസ്സിൽ സിനിമാക്കാരും പണക്കാരുമല്ല വരുന്നത്. രണ്ടു സർക്കാരുകൾ കാരണം ദുരിതം അനുഭവിക്കുന്ന പാവങ്ങളാണ്. ചെങ്ങന്നൂരിൽ സിൽവർലൈൻ വിരുദ്ധ സമര സമിതി തങ്കമ്മയ്ക്കു നൽകിയ വീട് സിൽവർലൈനിന്റെ സ്മാരകം കൂടിയാണ്. സിൽവർലൈൻ വരില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതിനായി ഏറ്റെടുക്കുമെന്നു പറഞ്ഞ സ്ഥലങ്ങളെ അതിൽനിന്ന് ഒഴിവാക്കുന്നില്ല. ആളുകൾക്ക് അതു വിൽക്കാൻ കഴിയുന്നില്ല.‌ എസ്എസ്എൽസി പരീക്ഷ നടത്താൻ പണമില്ലാത്ത സർക്കാരാണു 2 ലക്ഷം കോടിയുടെ പദ്ധതി നടത്തുമെന്നു പറയുന്നത്.
കേന്ദ്ര സർക്കാരിൽനിന്നു സംസ്ഥാനത്തിന് 57000 കോടി കിട്ടാനുണ്ടെന്ന വാദം പച്ചക്കള്ളമാണ്. 3100 കോടി മാത്രമേ കിട്ടാനുള്ളൂ. 5 വർഷത്തേക്കാണു ജിഎസ്ടി നഷ്ടപരിഹാരം നൽകേണ്ടത്. ആ സമയം കഴിഞ്ഞു. ഏച്ചുകെട്ടിയ കണക്കാണു സർക്കാർ പറയുന്നത്. ധന കമ്മിഷൻ വിഹിതം കുറവാണെന്നതു സത്യമാണ്. അതു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ഞങ്ങൾ കമ്മിഷനെ സമീപിക്കും. സീറ്റ് വിഭജനം സംബന്ധിച്ചു യുഡിഎഫ് ഘടകകക്ഷികളുടെ ചർച്ച നടക്കുകയാണ്. മുസ്‌ലിം ലീഗിനു 3 സീറ്റിന് അർഹതയില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഇ.പി.ജയരാജനല്ല ലീഗിനു സീറ്റ് കൊടുക്കുന്നത്. ലീഗ് ഒറ്റയ്ക്കു മത്സരിക്കുമെന്ന വിവരം ഞാൻ അറിഞ്ഞിട്ടില്ല. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ പരിസ്ഥിതി പ്രശ്നങ്ങളും തീരവാസികളുടെ ദുരിതവും ഉൾക്കൊണ്ടു ഞങ്ങൾ ശക്തമായി മുന്നോട്ടു വരും. മാർച്ച് 5നു നടക്കുന്ന സമരത്തിൽ ഞങ്ങളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *