Your Image Description Your Image Description

ക്യാൻസര്‍ രോഗത്തിലേക്ക് ആളുകളെ നയിക്കുന്നത് പല ഘടകങ്ങളും ആകാം. അധികവും പാരമ്പര്യം അഥവാ ജനിതകഘടകങ്ങള്‍ തന്നെയാണ് ക്യാൻസറിലേക്ക് നയിക്കുന്നത്. എന്നുവച്ചാല്‍ ഒരു വ്യക്തിയില്‍ ജന്മനാ തന്നെ ക്യാൻസര്‍ സാധ്യത ഉണ്ടായിരിക്കുന്ന അവസ്ഥ. എന്നാലിത് കൊണ്ടുമാത്രം ക്യാൻസര്‍ ബാധിക്കണമെന്ന് നിര്‍ബന്ധവുമില്ല.

ക്യാൻസര്‍ സാധ്യത നേരത്തേ ഉള്ളവരില്‍ മറ്റ് ജീവിതസാഹചര്യങ്ങളും ആരോഗ്യാവസ്ഥകളും കൂടി ക്യാൻസറിന് അനുകൂലമാകുമ്പോഴാണ് രോഗം ബാധിക്കുന്ന നിലയിലേക്ക് പലരും എത്തുന്നത്. ജനിതകഘടകങ്ങളുടെ സ്വാധീനത്താല്‍ മാത്രമായി ക്യാൻസര്‍ ബാധിക്കുന്ന കേസുകളും അനവധിയാണ്. ഇതില്‍ നമുക്ക് പ്രത്യേകിച്ച് പ്രതിരോധങ്ങളൊന്നും ചെയ്യാനാകില്ല. രോഗം സമയത്തിന് തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയെടുക്കാൻ സാധിക്കുമെന്നത് തീര്‍ച്ചയാണ്.

ക്യാൻസര്‍ രോഗത്തിന്‍റെ കാര്യത്തില്‍ മറ്റ് ആരോഗ്യാവസ്ഥകള്‍ സ്വാധീനമായി വരുന്നതിനെ കുറിച്ച് പറഞ്ഞുവല്ലോ. ഇത്തരത്തില്‍ പുരുഷന്മാരില്‍ ബീജത്തിന്‍റെ കൗണ്ടും ചില ക്യാൻസര്‍ രോഗങ്ങളും തമ്മില്‍ ബന്ധമുള്ളതായാണ് പുതിയൊരു പഠനം പറയുന്നത്.

യുഎസിലെ ‘യൂറ്റാ യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ബീജോത്പാദനം നടക്കാത്ത പുരുഷന്മാരുണ്ട്. ഇതിലും പാരമ്പര്യം ഒരു ഘടകം തന്നെയാണ്. ഇങ്ങനെയുള്ള കുടുംബങ്ങളില്‍ ക്യാൻസര്‍ ബാധ കൂടുതലായി ഗവേഷകര്‍ കണ്ടെത്തി.
എല്ലില്‍, സന്ധികളില്‍ ബാധിക്കുന്ന ക്യാൻസറിന് ഇവരില്‍ 156 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ലിംഫ് ക്യാൻസര്‍ (60 ശതമാനം), സോഫ്റ്റ് ടിഷ്യൂ ക്യാൻസര്‍ (56 ശതമാനം), തൈറോയ്ഡ് ക്യാൻസര്‍ (54 ശതമാനം) എന്നിങ്ങനെയുള്ള സാധ്യതകളും ഇവരില്‍ ഗവേഷകര്‍ കണ്ടെത്തി.

ബീജോത്പാദനത്തിന്‍റെ തോത് വളരെ കുറവായി കാണപ്പെടുന്ന പുരുഷന്മാരുമുണ്ട്. ഇവിടെയും പാരമ്പര്യം ഘടകം തന്നെ. ഇങ്ങനെയുള്ള കുടുംബങ്ങളിലും പുരുഷന്മാരില്‍ ക്യാൻസര്‍ കേസുകള്‍ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. എല്ല്- സന്ധികള്‍ എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാൻസറിന് തന്നെ സാധ്യത കൂടുതല്‍. 143 ശതമാനം ആണ് ഇതിനുള്ള സാധ്യതയായി പഠനം വിലയിരുത്തുന്നത്. വൃഷണത്തെ ബാധിക്കുന്ന ക്യാൻസറിന് 134 ശതമാനം സാധ്യതയും.

21 വര്‍ഷത്തിലധികം നീണ്ട പഠനമാണ് ഇതിനായി ഗവേഷര്‍ നടത്തിയിരുന്നത്. ഇതിന് ശേഷമാണ് ഈ നിഗമനങ്ങളിലേക്കെല്ലാം ഗവേഷകര്‍ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *