Your Image Description Your Image Description

ദില്ലി : നരേന്ദ്ര മോദി ഉൾപ്പടെ പ്രധാന സ്ഥാനാർത്ഥികളുടെ സീറ്റുകൾ അടുത്തയാഴ്ച പുറത്തിറക്കുന്ന ആദ്യ പട്ടികയിൽ ബിജെപി ഉൾപ്പെടുത്തും. രാജ്നാഥ് സിംഗിനും നിതിൻ ഗഡ്കരിക്കും വീണ്ടും സീറ്റു നല്കാനാണ് ബിജെപിയിലെ ധാരണ. കേരളത്തിലെ സീറ്റുകളും ആദ്യ പട്ടികയിലുണ്ടാവും.

വാരാണസിയിൽ മത്സരിച്ചാവും നരേന്ദ്ര മോദി പ്രചാരണം നയിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്നലെ അമിത് ഷായും ജെപി നഡ്ഡയും നടത്തിയ ചർച്ചയിൽ സംസ്ഥാനത്തെ മുപ്പതിലധികം സീറ്റുകളിൽ ധാരണയായെന്നാണ് സൂചന. വാരാണസിയല്ലാതെ മറ്റൊരു മണ്ഡലത്തിൽ മോദി മത്സരിക്കുന്നത് ഇന്നലെ ചർച്ചയായില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

രാജ്നാഥ് സിംഗ് വീണ്ടും ലക്നൗവിൽ മത്സരിക്കും. കേന്ദ്രമന്ത്രി ജനറൽ വികെ സിംഗിനും സീറ്റു നല്കും.എന്നാൽ പതിനഞ്ചിലധികം സിറ്റിംഗ് എംപിമാരെ മാറ്റാൻ പാർട്ടി ആലോചിക്കുന്നുണ്ട്. നിതിൻ ഗഡ്കരിക്ക് സീറ്റു നല്കുമോ എന്ന ചർച്ചകൾ സജീവമായിരുന്നു.എന്നാൽ നാഗ്പൂരിൽ ഗഡ്കരി തന്നെ മത്സരിക്കട്ടെ എന്നാണ് പാർട്ടിയിലെ ധാരണ. രാജ്യസഭ അംഗങ്ങളായ പ്രമുഖ നേതാക്കളോട് മത്സരരംഗത്തിറങ്ങാൻ പാർട്ടി നിർദ്ദേശിക്കും. പിയൂഷ് ഗോയൽ, ഭൂപേന്ദ്ര യാദവ്, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ വിജയിക്കാത്ത നൂറു സീറ്റുകളിലെ സ്ഥാനാർത്ഥികളും ബിജെപിയുടെ ആദ്യ പട്ടികയിലുണ്ടാകും. കേരളത്തിലെ ഏതാണ്ട് സീറ്റുകളുടെ കാര്യത്തിലും തുടക്കത്തിൽ തന്നെ പ്രഖ്യാപനം വരും എന്നാണ് സൂചന. ഇന്ത്യ സഖ്യത്തിന് യുപിയിലും ദില്ലിയിലും സഖ്യമുണ്ടാക്കാനായത് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളിലും മാറ്റത്തിന് ഇടയാക്കും. ഇതുവരെ കോൺഗ്രസിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച ശൈലി മാറ്റി. ഇന്ത്യ സഖ്യം അവസരവാദ സഖ്യമെന്ന പ്രചാരണത്തിലേക്ക് തിരിയാനാണ് ബിജെപി ധാരണ.

Leave a Reply

Your email address will not be published. Required fields are marked *