Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയിലെ പുതിയ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു. ശൗചാലയത്തിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ നിന്നുമാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള െഡ്രയിനേജ് വഴി സ്റ്റാൻഡിന്റെ മുൻവശം വരെ മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ഇതോടെ സ്റ്റാൻഡിൽ ബസ് കയറാനെത്തുന്നവർ മൂക്ക് പൊത്തി നിൽക്കേണ്ട അവസ്ഥയാണുള്ളത്.

ശബരിമല തീർഥാടനം തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ അടക്കം നിരവധി ആളുകൾ ഡിപ്പോയിലേക്ക് എത്തുമ്പോഴാണ് ഇൗ സ്ഥിതി. പണം നൽകി വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് ദുർഗന്ധം കാരണം ആളുകൾക്ക് നിൽക്കാനാകാത്ത അവസ്ഥയാണ്. വാഹനം ഓടയിലേക്ക് വീഴാതിരിക്കാനായി തകർന്ന സ്ലാബുകൾക്ക് മുകളിൽ വലിയ ബാരലുകൾ കയറ്റിവെച്ചിരിക്കുകയാണ്.െഡ്രയിനേജ് സംവിധാനത്തിന് ഉപയോഗിച്ചിരിക്കുന്ന മാൻഹോളുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണ്. ഇത് ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടുമില്ല. നിലവിൽ ഉപയോഗിക്കുന്ന ശൗചാലയങ്ങളുടെ പൈപ്പിലും ചോർച്ചയുണ്ട്. ഇൗ മാലിന്യവും െഡ്രയിനേജിലേക്കാണ് ഒഴുകുന്നത്. രൂക്ഷമായ ദുർഗന്ധമാണ് പരിസരത്ത് അനുഭവപ്പെടുന്നത്.

കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് അടക്കമുള്ളതിന്റെ നിർമാണത്തിൽ പിഴവ് കണ്ടെത്തിയിട്ട് മാസങ്ങളായി. ഇൗ പ്രശ്നം പരിഹരിക്കണമെന്ന് പലതവണ യാത്രക്കാരടക്കം കെ.എസ്.ആർ.ടി.സി. അധികൃതരോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. നിലവിലത്തെ ടാങ്കിനോട് ചേർന്ന് പുതിയ ഒരുടാങ്ക് കൂടി പണിഞ്ഞു തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. കുഴിയെടുത്ത് കോൺക്രീറ്റ് പൂർത്തിയാക്കിയിട്ടിട്ട് മാസങ്ങളായി. ഇതുവരെ തുടർപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *