Your Image Description Your Image Description

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രസ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ പലതും തീരെ നിസാരമായി നമുക്ക് തോന്നാം. എന്നാലിന്ന് നിസാരമായി തോന്നുന്ന പ്രശ്നങ്ങള്‍ നാളെ സങ്കീര്‍ണമായി വരാവുന്നതേയുള്ളൂ.

ഇത്തരത്തില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇതിന്‍റെ ഭാഗമായി ക്യാൻസര്‍ പിടിപെടാം എന്ന് പറയുന്നത് നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കും? ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? ഈ വിഷയത്തിലേക്കാണിനി കടക്കുന്നത്.

ആദ്യമായി തന്നെ പറയാം, ലോകത്തില്‍ വയറിനെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ക്യാൻസറുകളുടെ തോത് വര്‍ധിച്ചുവരികയാണിന്ന്. മോശമായ ഭക്ഷണശീലങ്ങള്‍ തന്നെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പതിവായി ജങ്ക് ഫുഡ്സ്, പ്രോസസ്ഡ് ഫുഡ്സ് എല്ലാം കഴിക്കുന്നതും, തീരെ സമയക്രമം ഇല്ലാതെ ഭക്ഷണം കഴിക്കുന്നതും എല്ലാം ക്യാൻസര്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണരീതികളുടെ ഒരു ഫലമാണ് പതിവായ ദഹനപ്രശ്നങ്ങള്‍. അങ്ങനെയെങ്കിലും ഇതും ക്യാൻസറിനെ സ്വാധീനിക്കുന്ന ഘടകമായി മാറാം എന്നത് സത്യമാണ്. അതായത് പാരമ്പര്യമായ ക്യാൻസര്‍ സാധ്യത ഉള്ള ഒരാളില്‍ മോശം ഭക്ഷണശീലങ്ങള്‍ കൂടിയാകുമ്പോള്‍ രോഗത്തിനുള്ള സാധ്യത ഏറുകയാണ്.
ദഹനത്തിന് സഹായിക്കുന്ന, നമ്മുടെ വയറ്റിലെ നല്ലയിനം ബാക്ടീരിയകളുടെ സമൂഹം ക്യാൻസര്‍ അടക്കം പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും സഹായിക്കാറുണ്ട്. അതിനാല്‍ തന്നെ ഇവയുടെ ബാലൻസ് തെറ്റുന്നതും നമുക്ക് പ്രതികൂലമാണ്.

മോശം ഭക്ഷണരീതി മാത്രമല്ല സ്ട്രെസ്, ചിലയിനം മരുന്നുകളുടെ പതിവായ ഉപയോഗം, പ്രായം കൂടുന്നത്, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാം.

‘ദഹനപ്രശ്നങ്ങള്‍ അഥവാ വയറിന്‍റെ ആരോഗ്യം അവതാളത്തിലാകുമ്പോള്‍ അത് പല രോഗങ്ങളിലേക്കും നമ്മെ നയിക്കാം. പ്രമേഹം, അമിതവണ്ണം, ഇൻഫ്ളമേറ്ററി ബവല്‍ ഡിസീസ്, അലര്‍ജികള്‍ എല്ലാം ഇങ്ങനെ വരാം. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് ക്യാൻസറും. ഇത് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളതാണ്…’- പുണെയില്‍ നിന്നുള്ള പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. രേഷ്മ പുരാണിക് പറയുന്നു.

നല്ല ഭക്ഷണശീലം, പതിവായ വ്യായാമം, ദിവസവും സുഖകരമായ ഉറക്കം, സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷം എന്നിവ ഉറപ്പിക്കാനായാല്‍ തന്നെ വലിയൊരു പരിധി വരെ വയറിന്‍റെ ആരോഗ്യത്തെ സുരക്ഷിതമാക്കാൻ സാധിക്കും. ഇതിനായാണ് ഏവരും ശ്രമിക്കേണ്ടത്. പാരമ്പര്യ ഘടകങ്ങള്‍ നമ്മളില്‍ ക്യാൻസര്‍ സാധ്യത ഉണ്ടാക്കിയിട്ടുണ്ടോ എന്നത് നമുക്ക് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. അതിനാല്‍ ജീവിതരീതികള്‍ ആരോഗ്യകരമാക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *