Your Image Description Your Image Description
Health Kerala Kerala Mex Kerala mx
1 min read
73

February 23, 2024
0

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയായ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. നമ്മുടെ ഡയറ്റില്‍ നിന്ന് ഏതെല്ലാം തരത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാകണം. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ആപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ആപ്പിള്‍ ധൈര്യമായി കഴിക്കാം. ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.
രണ്ട്…

പേരയ്ക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പേരയ്ക്കയുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നോക്കും.

മൂന്ന്…

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.

നാല്…

കിവിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം.

അഞ്ച്…

പീച്ച് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പീച്ച് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്. പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.

ആറ്…

പിയറാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയർ കഴിക്കാം. പിയറിന്‍റെ ഗ്ലൈസെമിക് സൂചിക 38 ആണ്.

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങള്‍…

മാമ്പഴം, മുന്തിരി, വാഴപ്പഴം, ലിച്ചി, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങളില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഒഴിവാക്കുകയോ മിതമായ അളവില്‍ മാത്രം കഴിക്കുകയോ ചെയ്യുന്നതാകും ഉചിതം.

Leave a Reply

Your email address will not be published. Required fields are marked *