Your Image Description Your Image Description
Your Image Alt Text

സ്ട്രെച്ച് മാർക്കുകൾ ആർക്കും ഇഷ്ടമല്ല. അതാരുടെയും കുഴപ്പംകൊണ്ട് വരുന്നതല്ലെങ്കിലും. ഗർഭിണി കളെയാണ് ഇവ ഏറെയും ബാധിക്കുന്നത്. ഗർഭിണികളുടെയോ പ്രസവം കഴിഞ്ഞവരുടെയോ വയറിൽ പൂച്ച മാന്തിയതുപോലെയുള്ള അടയാളങ്ങളെയാണ് സ്ട്രെച്ച് മാർക്കുകളെന്ന് പറയുന്നത്. മാതൃത്വത്തിൻറെ അടയാളമാണ് എന്നൊക്കെ പുകഴ്ത്തുമെങ്കിലും അത്ര വല്യ സുഖമുള്ളതല്ല.

ഇവ ദോഷകരമല്ലെങ്കിലും പലർക്കും അലോസരം സൃഷ്ടിക്കുന്നവയാണ്.
ശരീരം തടിക്കുകയോ ചുരുങ്ങുകയോ ചെയ്യുമ്പോഴോ ഈ പാടുകൾ ഉണ്ടാകാം. വയറ്റിൽ മാത്രമല്ല തുടകൾ, ഇടുപ്പ്, സ്തനങ്ങൾ, നിതംബം എന്നിവിടങ്ങളിലും പാടുകൾ വരാം. സ്ത്രീകൾക്ക് മാത്രമാണ് ഇതുണ്ടാകുകയെന്നും കരുതരുതേ. മേല്പറഞ്ഞ കാരണങ്ങളാൽ പുരുഷന്മാർക്കും വരാം. ശരീരത്തിന് രൂപം നൽകുന്ന സ്ട്രക്ചറൽ പ്രോട്ടീനുകളായ കൊളാജൻ, ഇലാസ്റ്റിൻ എന്നവയിലുണ്ടാകുന്ന മാറ്റമാണ് സ്ട്രെച്ച് മാർക്കുകൾക്ക് കാരണം.

സാരിയോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ ഒക്കെ ഇടുമ്പോൾ ഈ പാടുകൾ വില്ലനായി മാറാറുണ്ട്. ഹോർമോണിൻറെ ഏറ്റക്കുറച്ചിലാണ് കാരണമെന്ന് ചുരുക്കം.

ആർത്തവമായതിനു ശേഷമുണ്ടാകുന്ന ശാരീരിക വളർച്ച, ഗർഭകാലത്ത് വണ്ണം വയ്ക്കുകയും കുറയുകയും ചെയ്യുമ്പോൾ കോർട്ടിക്കോസ്റ്റീറോയ്ഡ് പോലുള്ള മരുന്നുകൾ ദേഹത്ത് പുരട്ടുന്നത് , ശരീരകലകളുമായി ബന്ധപ്പെട്ട ജനിതക രോഗമായ മർഫാൻ സിൻഡ്രോം ഉള്ളവർക്ക് ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന കഷിങ്സ് ഡിസീസ് ഉള്ളവർക്ക് ഒക്കെ സ്ട്രെച്ച് മാർക്ക് വരും. 50 മുതൽ 90 ശതമാനം സ്ത്രീകൾക്കും ഗർഭകാലത്ത് സ്ട്രെച്ച് മാർക്കുകൾ രൂപപ്പെടും. ആദ്യം ചുവപ്പ് നിറത്തിലാണ് പാടുകൾ കാണുക. പിന്നീട് ഓരോരുത്തരുടെയും തൊലിയുടെ നിറത്തിനനുസരിച്ച് പർപ്പിൾ, പിങ്ക്, റെഡ്ഡിഷ് ബ്രൗൺ, ഡാർക്ക് ബ്രൗൺ നിറങ്ങളിലേക്ക് മാറും. പാടുകൾ രൂപപ്പെടുന്നതിൻറെ ആദ്യഘട്ടത്തിൽ തടിപ്പും ചൊറിച്ചിലും ഉണ്ടാകാം.

നാട്ടിൽ പരക്കെ അറിയപ്പെടുന്നത് ഗർഭിണികൾ വയറിൽ ചൊറിഞ്ഞതുകൊണ്ടാണ് പാടുകൾ ഉണ്ടാകുന്നതെന്നാണ്. ഇതുമായി പുലബന്ധമില്ല സ്ട്രെച്ച് മാർക്കിന്. സ്ട്രെച്ച് മാർക്കിലെ നിറം കുറയുന്നതിന് അനുസരിച്ച് അവയിലെ തടിപ്പും കുറഞ്ഞ് വരും. ഈ പാടുകൾ മായ്ക്കാൻ വിപണിയിൽ ചില മരുന്നുകൾ ഉണ്ടെന്നാണ് അറിയുന്നത്. എന്നാലിതൊന്നും ഗുണമുള്ളതല്ല. ചികിത്സയിലൂടെ പാടുകളുടെ നിറം കുറയ്ക്കാൻ സാധിക്കും എന്നുമാത്രം. ചില ചികിത്സാവിധികൾ ചൊറിച്ചിലിനും ഇടയാക്കാറുണ്ട്. അതുകൊണ്ട് ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ചികിത്സയ്ക്ക് മുതിരുന്നുണ്ടെങ്കിൽ ഉറപ്പായും ഡോക്ടറുടെ അഭിപ്രായം തേടണം. കടകളിൽ വിറ്റഴിക്കപ്പെടുന്നവയിൽ റെറ്റിനോൾ അടങ്ങിയ മരുന്നുകൾ കുഞ്ഞുങ്ങൾക്ക് ഹാനികരമാണ്.

സ്ട്രെച്ച് മാർക്ക് കളയാം എന്ന പേരിൽ പുറത്തിറങ്ങുന്ന ക്രീമുകൾ, ലോഷനുകൾ, ജെല്ലുകൾ എന്നിവ പരീക്ഷിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.സ്ട്രെച്ച് മാർക്കുകൾ വന്നു തുടങ്ങുമ്പോഴേ മരുന്നുകൾ ഉപയോഗിച്ച് തുടങ്ങണം. പഴകിയ സ്ട്രെച്ച് മാർക്കുകളിൽ മരുന്നകൾ ഫലപ്രദമല്ല. ഉപയോഗിക്കുന്നത് ലോഷനോ ജെല്ലോ ക്രീമോ ഏതായാലും സ്ട്രെച്ച് മാർക്കുകളിൽ കൂടുതൽ സമയം മസാജ് ചെയ്താൽ അത് വളരെയേറെ ഫലം നൽകും. മുടങ്ങാതെ ഉപയോഗിക്കുക. ഇവ കൂടുതൽ സമയം ഉപയോഗിച്ചാൽ മാത്രമേ ഫലമുണ്ടാകൂ.

പാടുകൾ കളയാനുള്ള വീട്ടുവൈദ്യം ഒന്നും ഫലപ്രദമല്ല. ബദാം ഓയിൽ, കൊക്കോ ബട്ടർ, ഒലീവ് ഓയിൽ, വിറ്റാമിൻ ഇ എന്നിവ ഉപയോഗിച്ചാൽ അടയാളങ്ങൾ മായ്ക്കാമെന്നാണ് പ്രചാരണങ്ങൾ. അവ ഫലപ്രദമല്ലെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കൃത്രിമ മാർഗങ്ങളിലൂടെ തൊലിയുടെ നിറം മാറ്റുന്ന വഴിയും പ്രചാരത്തിലുണ്ട്. ഇതുമൂലം അടയാളങ്ങൾ കൂടുതൽ തെളിഞ്ഞുവരുമെന്നോർക്കുന്നത് നന്ന്.

Leave a Reply

Your email address will not be published. Required fields are marked *