Your Image Description Your Image Description

ഡൽഹി∙ തേയിലച്ചെടികളിൽ ഉപയോഗിക്കാൻ പറ്റുമെന്നു ലേബലിൽ പറയാത്ത കീടനാശിനികൾ ഉപയോഗിക്കരുതെന്ന് തേയിലത്തോട്ടമുടമകൾക്കു തേയില ബോർഡ് നിർദേശം നൽകി. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരമില്ലാത്ത 20 കീടനാശിനികൾ ഉപയോഗിക്കുന്നതിനെതിരെയാണ് ടീ ബോർഡ് ലൈസൻസിങ് കൺട്രോളർ നിർദേശം നൽകിയത്.

തേയിലയുടെ നിലവാരം ഉയർത്തുന്നതിനായി ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണിത്. നിരോധിക്കപ്പെട്ട രാസവസ്തുക്കൾ തേയിലയിൽ കണ്ടുവരുന്നതായി എഫ്എസ്എസ്എഐ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. നിരോധിത കീടനാശിനികളിലൂടെയാണ് ഇവ എത്തുന്നത്.

കീടനാശിനികളുടെ ലേബലിൽ അവ ചായത്തോട്ടത്തിൽ ഉപയോഗിക്കാൻ യോഗ്യമാണെന്നു പറഞ്ഞിട്ടില്ലെങ്കിൽ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടാൽ കർശന നടപടികളുണ്ടാകും.  തേയിലത്തോട്ടമുടമകളുടെ അസോസിയേഷനുകളിലൂടെ അംഗങ്ങളെ ബോധവൽക്കരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആൽഡികാർബ്–ആൽഡ്രിൻ, ഡീൽഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലർ, ലിൻഡേൻ, എൻഡോസൾഫാൻ, കാർബോഫ്യൂറാൻ, മീഥോമൈൽ, ഫോസ്ഫാമിഡോൺ, കാപ്റ്റഫോൾ, ഫെർബാം, ഫോർമോത്തിയോൺ, സിമേസിൻ, ഡയാസിനോൺ, ഡിഡിടി, ഫെനിട്രോത്തിയോൺ, ഫെൻതിയോൺ, മീഥൈൽ പരാത്തിയോൺ, ഇഥൈൽ പരാത്തിയോൺ, മോണോക്രോറ്റോഫോസ് എന്നിവയാണ് വിലക്കിയ കീടനാശിനികൾ.

വീര്യം കുറഞ്ഞ കീടനാശിനികൾക്കു വില കൂടുതലായതിനാൽ പല തോട്ടങ്ങളിലും നിരോധിത വസ്തുക്കൾതന്നെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. തേയില ബോർഡിന്റെ പുതിയ നിർദേശം ചെറുകിട തോട്ടമുടമകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് ഉൽപാദനത്തെ ബാധിക്കുമെന്ന ആശങ്ക വലിയ പ്ലാന്റർമാർ ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *