Your Image Description Your Image Description

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ ആഘാതങ്ങളില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഇപ്പോഴും കൊവിഡ് ഉണ്ടാക്കിയ ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുക തന്നെയാണ്. ഇതിനിടയില്‍ കൊവിഡിന് സമാനമായ പകര്‍ച്ചവ്യാധികള്‍ ഇനിയും ലോകത്തിലേക്ക് പൊട്ടിപ്പുറപ്പെട്ട് വരാനുള്ള സാധ്യതകള്‍ വിലയിരുത്തുകയാണ് ഗവേഷകര്‍.

ഇത്തരത്തില്‍ വരാനിരിക്കുന്നൊരു മഹാമാരി, എന്നാല്‍ നിലവില്‍ നമുക്ക് അതെക്കുറിച്ച് അറിവില്ല എന്ന രീതിയില്‍ വിശേഷിപ്പിക്കപ്പെട്ട രോഗമാണ് ‘ഡിസീസ് എക്സ്’, അഥവാ അ‍ജ്ഞാതമായ മഹാമാരി.

ഇതുമൊരു വൈറസ് തന്നെയായിരിക്കും സൃഷ്ടിക്കുകയെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കൊവിഡിന് മുമ്പെ തന്നെ ഇത്തരത്തിലൊരു ‘ഡിസീസ് എക്സ്’ സാധ്യത ഗവേഷകര്‍ അനുമാനിച്ചിരുന്നുവത്രേ. കൊവിഡിന് ശേഷമായപ്പോള്‍ ഇത്തരം പഠനങ്ങള്‍ക്ക് വേഗത കൂടി.

ഇപ്പോഴിതാ ന്യൂയോര്‍ക്കിലെ ‘കോണ്‍വെല്‍ യൂണിവേഴ്സിറ്റി’യില്‍ നിന്നും സന്നദ്ധ സംഘടനയായ ‘വൈല്‍ഡ്‍ലൈഫ് കണ്‍സര്‍വേഷൻ സൊസൈറ്റി’യില്‍ നിന്നുമുള്ള ഗവേഷകര്‍ സംയുക്തമായി ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത്.

വവ്വാലുകളെ അലോസരപ്പെടുത്താതെ, അവയില്‍ നിന്ന് രോഗങ്ങള്‍ ക്ഷണിച്ചുവരുത്താതെ ജീവിച്ചുപോകുന്നതിനെ കുറിച്ചാണ് പഠനം വിശദീകരിക്കുന്നത്. ഇനിയൊരു മഹാമാരി എന്ന് പറയുമ്പോള്‍ വൈറസുകള്‍ തന്നെയായിരിക്കും ഇതുണ്ടാക്കുകയെന്നും, വവ്വാലുകള്‍ അതിനൊരു കാരണം ആയേക്കാമെന്നും ഗവേഷകര്‍ ഇത്രമാത്രം അടിവരയിട്ട് പറയുന്നു.

കൊവിഡ് 19ന് സമാനമായിട്ടുള്ള വൈറസുകളടക്കം പല തരത്തിലുള്ള രോഗകാരികളായ വൈറസുകളുടെയും വാഹകരമായ വവ്വാലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ നിന്ന് ഇത് മനുഷ്യരിലേക്ക് എത്തിയാല്‍ രോഗങ്ങളുറപ്പ്. ഇങ്ങനെ തന്നെ ആയിരിക്കും ‘ഡിസീസ് എക്സ്’നും ഒരു സാധ്യത തുറക്കുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

മനുഷ്യരുടെ ഇന്നത്തെ ജാഗ്രതയും ശ്രദ്ധയും തന്നെയാണ് നാളത്തെ മഹാമാരികളെ നിര്‍ണയിക്കുകയും മഹാമാരികള്‍ക്കുള്ള സാധ്യത തുറക്കുകയും ചെയ്യുകയെന്ന് ഗവേഷകര്‍ വാദിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പല രോഗകാരികളായ വൈറസുകളുടെയും വാഹകരായി നമുക്കറിയാവുന്നത് വവ്വാലുകളാണ്. അതിനാല്‍ തന്നെ വവ്വാലുകളില്‍ നിന്ന് അകലം പാലിക്കുന്നത് നല്ലതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയും കൊവിഡ് പോലൊരു മഹാമാരി എന്ന നിലയില്‍
‘ഡിസീസ് എക്സ്’ വിശേഷിപ്പിച്ചതാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇതില്‍ വലിയ പങ്ക് തന്നെയാണ് വഹിക്കുന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ് പുതിയ പഠനവും. അതേസമയം ജാഗ്രതയ്ക്കായി വവ്വാലുകളെ പോലുള്ള ജീവികളെ കൊന്ന് നശിപ്പിക്കാനും ശ്രമിക്കരുത്. അവരുടെ ജീവിതത്തെ അലോസരപ്പെടുത്താതെ, അവയുടെ നമ്മുടെ പരിസരങ്ങളില്‍ പ്രോത്സാഹിപ്പിക്കാതെ കടന്നുപോകേണ്ടതിനെ കുറിച്ചാണ് പഠനം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *