Your Image Description Your Image Description
Your Image Alt Text

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ ജില്ലയിലെ 474 സ്ഥാപനങ്ങൾക്ക് ഹരിത സ്ഥാപനം പദവി. ശുചിത്വ മാലിന്യ സംസ്കരണവും ഹരിത ചട്ടപാലനവും ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പരിശോധന ഫോറം അടിസ്ഥാനമാക്കിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരിശോധന നടത്തിയത്.

1163 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 882 സ്ഥാപനങ്ങൾ ഗ്രേഡിങ്ങിന് അർഹത നേടി. വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചുള്ള ഗ്രേഡിങ്ങിൽ 474 സ്ഥാപനങ്ങൾക്ക് എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ചു. ഈ സ്ഥാപനങ്ങൾക്ക് അംഗീകാരമായി സാക്ഷ്യപത്രം സമ്മാനിക്കും.

വരും ദിവസങ്ങളിൽ താഴ്ന്ന ഗ്രേഡ് ലഭിച്ച 689 സ്ഥാപനങ്ങളിൽ 15 ദിവസത്തെ ഇടവേളകളിൽ തുടർ പരിശോധന നടത്തിയും അടുത്ത ഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഗ്രേഡിംഗ് നടപ്പിലാക്കിയും പരമാവധി സ്ഥാപനങ്ങളെ ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക എന്നതാണ് ഹരിതകേരളം മിഷന്റെ ലക്ഷ്യം.

മൂല്യനിർണ്ണയം ഇങ്ങനെ

പ്രത്യേകം തയ്യാറാക്കിയ ഫോറം അനുസരിച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ നൽകുന്ന ഗ്രേഡ് കണക്കാക്കിയാണ് ഹരിത സ്ഥാപനമായി സാക്ഷ്യപ്പെടുത്തുന്നത്. എ പ്ലസ്, എ ഗ്രേഡ്, ബി ഗ്രേഡ്, നോ ഗ്രേഡ് എന്നിങ്ങനെയാണ് വിലയിരുത്തൽ. ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കൽ, ഖര-ദ്രവ മാലിന്യ സംസ്‌കരണം, ശുചിത്വം, ഇ മാലിന്യം ഒഴിവാക്കൽ തുടങ്ങിയ പതിനെട്ട് കാര്യങ്ങൾ പരിശോധിച്ച് ഓരോന്നിനും പരമാവധി അഞ്ച് മാർക്ക് വീതം 100 മാർക്ക് നൽകും.

ഇതിനുപുറമേ ജലസംരക്ഷണ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, മഴവെള്ള സംഭരണം ഉൾപ്പെടെയുള്ളവയ്ക്ക് 20 മാർക്കും ലഭിക്കും. ആകെ 120 മാർക്ക്. സ്ഥലവും മറ്റ് പരിമിതികളും കാരണം ചില സ്ഥാപനങ്ങൾക്ക് പച്ചത്തുരുത്ത് ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ പ്രയാസമുണ്ടാകും എന്നതിനാലാണ് എ ഗ്രേഡ് കിട്ടുന്നവർക്കും ഹരിത സാക്ഷ്യപത്രം നൽകുന്നത്.

പരിശോധന നടന്ന സ്ഥാപനങ്ങളുടെ എണ്ണവും ഗ്രേഡും

  • എ പ്ലസ് ( 100 മാർക്കിന് മുകളിൽ ) – 85
  • എ (90 മുതൽ 100 വരെ)- 389
  • ബി (80 മുതൽ 89 വരെ) – 407
  • നോ ഗ്രേഡ് (80 മാർക്കിൽ താഴെ) – 282

Leave a Reply

Your email address will not be published. Required fields are marked *