Your Image Description Your Image Description

എല്ലുകളാണ് നമ്മുടെ ശരീരത്തിന് ഘടന നല്‍കുന്നതും അതിനെ തൂണുപോലെ പിടിച്ചുനിര്‍ത്തുന്നതും. ശരീരത്തിലെ മറ്റുള്ള അവയവങ്ങളുടെ ശരിയായ നിലനില്‍പിനും പ്രവര്‍ത്തനത്തിനുമെല്ലാം എല്ല് കേടുകൂടാതെ ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ പ്രായം കൂടുംതോറും നമ്മുടെ എല്ലുകളുടെ ബലം പതിയെ ക്ഷയിച്ചുതുടങ്ങുകയായി. ഇത് പിന്നീട് ചെറിയൊരു വീഴ്ചയോ പരുക്കോ സംഭവിച്ചാല്‍ തന്നെ എല്ല് പൊട്ടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു.

ഇങ്ങനെ എല്ലുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും എളുപ്പത്തില്‍ പൊട്ടലുണ്ടാകുന്ന അവസ്ഥ വരെ നമ്മെയെത്തിക്കുകയും ചെയ്യുന്ന രോഗമാണ് അസ്ഥിക്ഷയം. പ്രായമായവരെ മാത്രമാണ് അസ്ഥിക്ഷയം ബാധിക്കുക എന്ന് കരുതരുത്. ചെറുപ്പക്കാരെയും അസ്ഥിക്ഷയം ബാധിക്കാം.

അസ്ഥിക്ഷയമെന്ന രോഗാവസ്ഥയെ കുറിച്ച് പലര്‍ക്കും അറിയുമായിരിക്കും. ഇതിനെ പ്രതിരോധിക്കാൻ, അതായത് അസ്ഥിക്ഷയം പിടിപെടാതിരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇനി സൂചിപ്പിക്കുന്നത്…

ഒന്ന്…
എല്ലുകളുടെ ആരോഗ്യത്തിനും നിലനില്‍പിനും ഏറെ ആവശ്യമായിട്ടുള്ള ഘടകമാണ് കാത്സ്യം. എല്ലിന് കാത്സ്യം ഫലപ്രദമായി വരണമെങ്കില്‍ ഒപ്പം വൈറ്റമിൻ -ഡിയും ആവശ്യത്തിന് ശരീരത്തില്‍ ഉണ്ടായിരിക്കണം. ഈ രണ്ട് ഘടകങ്ങളുടെയും അഭാവം ദീര്‍ഘകാലം ഉണ്ടാകുന്നതിന്‍റെ ഭാഗമായി അസ്ഥിക്ഷയം ബാധിക്കുന്നവരുണ്ട്. അതിനാല്‍ തന്നെ കാത്സ്യം- വൈറ്റമിൻ-ഡി എന്നീ ഘടകങ്ങളില്‍ കുറവ് വരാതെ നോക്കുക. കാത്സ്യം പ്രധാനമായും ഭക്ഷണത്തിലൂടെയാണ് നേടാനാവുക. വൈറ്റമിൻ ഡിയാണെങ്കില്‍ സൂര്യപ്രകാശത്തിലൂടെയാണ് ഏറെയും കിട്ടുക. ഇത് കഴിഞ്ഞ് മാത്രം ഭക്ഷണത്തിലൂടെ.

രണ്ട്…

പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് ശരീരഭാരം സൂക്ഷിക്കുക എന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടുന്ന കാര്യം. എല്ലുകളുടെ ആരോഗ്യകരമായ നിലനില്‍പിന് ഇത് നിര്‍ബന്ധമാണ്. അമിതവണ്ണമാകാതെയും അതുപോലെ തന്നെ തീരെ വണ്ണം കുറയാതെയും നോക്കണം. ബാലൻസ്ഡ് ആയൊരു ഡയറ്റും ആരോഗ്യകരമായ ജീവിതരീതിയുമുണ്ടെങ്കില്‍ ആരോഗ്യകരമായ ശരീരഭാരവുമായി മുന്നോട്ട് പോകാം.

മൂന്ന്…

എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം പോലെ തന്നെ അവശ്യം വേണ്ടുന്ന മറ്റൊരു ഘടകമാണ് പ്രോട്ടീൻ. എല്ലുകളിലെ, കേടുപാടുകള്‍ പറ്റിയ കോശകലകളെ ശരിയാക്കിയെടുക്കുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. ഇറച്ചി, മുട്ട- എല്ലാം പ്രോട്ടീൻ ലഭ്യതയ്ക്കായി കഴിക്കാം. വെജിറ്റേറിയൻസിനാണെങ്കില്‍ പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ക്വിനോവ, കോട്ടേജ് ചീസ് എന്നിവയെല്ലാം പ്രോട്ടീനിനായി കഴിക്കാവുന്നതാണ്.

നാല്…

പുകവലിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഈ ശീലം എത്രയും പെട്ടെന്ന് ഉപേക്ഷിക്കുക. കാരണം എല്ലുകളുടെ ആരോഗ്യത്തിന് പുകവലി വലിയ വെല്ലുവിളിയാണ്. അസ്ഥിക്ഷയത്തിനുള്ള സാധ്യതയും പുകവലി കൂട്ടുന്നു.

അഞ്ച്…

കായികാധ്വാനമേതുമില്ലാത്ത, അല്ലെങ്കില്‍ വ്യായാമമില്ലാത്ത ജീവിതരീതി നല്ലതേല്ല. ഇത് ആകെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം തന്നെ എല്ലുകളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച ഭക്ഷണം- വ്യായാമം എന്നിവ എപ്പോഴും ഉറപ്പുവരുത്തുന്നതാണ് ആരോഗ്യത്തിന് ഗുണകരം.

Leave a Reply

Your email address will not be published. Required fields are marked *