Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലുള്ള അഭിരുചി മനസ്സിലാക്കി അത് വികസിപ്പിച്ച് അവരെ തൊഴിലിനായി പ്രാപ്തരാക്കാൻ എന്തൊക്കെ ചെയ്യാനാകും എന്നതാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഒരുക്കുന്ന നൈപുണി വികസന കേന്ദ്രത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നൈപുണി വികസനം കാലത്തിന് അനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പുതു തലമുറയെ അവരുടെ അഭിരുചിക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പിന്തുണ നൽകാൻ സർക്കാരിന് കഴിയും എന്നതിനുള്ള ഉത്തരമാണ് നൈപുണി വികസന കേന്ദ്രം. വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെയാണ് ഇതിനുള്ള സംവിധാനം സർക്കാർ ഒരുക്കിയിരിക്കുന്നത്.ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ കഴിവുള്ളവരാണ് നമ്മുടെ വിദ്യാർഥികൾ. വരും നാളുകളിൽ അത്തരത്തിള്ള റിക്രൂട്ട്മെന്റുകളാണ് ഉണ്ടാകാൻ പോകുന്നത്. വിശാലമായ ലോകമാണ് അവർക്ക് മുന്നിലുള്ളത്.

പുതിയ ശാസ്ത്ര ശാഖകളെക്കുറിച്ചും നിർമ്മിത ബുദ്ധിയെക്കുറിച്ചുമെല്ലാം വിദ്യാർത്ഥികൾക്ക് അവബോധം ഉണ്ട്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുനുസരിച്ച് അവരെ പ്രോത്സാഹിപ്പിക്കേണ്ട സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.

ലോകത്തെ മുൻനിര രാജ്യങ്ങളിലെ മുൻനിര വാഹന കമ്പനികളെല്ലാം ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. അതിനാൽ ഇലക്ട്രോണിക് വാഹനങ്ങളുടെ ടെക്നീഷ്യന്മാർക്ക് വലിയ സാധ്യത മുന്നിലുണ്ട്. അത്തരം സംവിധാനത്തിൽ പരിശീലനം ഒരുക്കുന്നതും അതോടൊപ്പം ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസോസിയേറ്റ്സ് മേഖലയും പരിചയപ്പെടുത്തിക്കൊണ്ട് കോഴ്സ് ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലയിലെ സെൻ്റർ പ്രവർത്തിക്കുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവ.എച്ച്.എസ്.എസ്. കമലേശ്വരത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഓരോ സെൻ്റർ വീതമാണ് ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികളെ തങ്ങളുടെ അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുസരിച്ച് തൊഴിൽ തെരഞ്ഞെടുക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ നൈപുണീ വികസന സെൻററുകൾ ആരംഭിക്കുന്നത്. അമ്പലപ്പുഴയിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, ഫുഡ് ആൻ്റ് ബിവറിജ് സർവ്വീസ് അസോസിയേറ്റ്സ് എന്നീ രണ്ടു കോഴ്സുകളാണുള്ളത്. 25 വീതം സീറ്റുകളിൽ ആകെ 50 പേർക്കാണ് സൗജന്യ പ്രവേശനം. ആറ് മാസമാണ് കോഴ്സ് കാലാവധി

Leave a Reply

Your email address will not be published. Required fields are marked *