Your Image Description Your Image Description
Your Image Alt Text

രാജ്യത്താകമാനം പ്രതിപക്ഷത്തെ വേട്ടയാടാൻ കേന്ദ്രം രംഗത്തിറക്കിയ ഇഡി കേരളത്തിൽ ചൂണ്ടയിട്ടിട്ട്‌ ഏറെക്കാലമായി. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന നേതാക്കൾക്ക്‌ കുരുക്ക്‌ മുറുക്കാൻ രംഗത്തിറങ്ങിയ ഇ ഡി യ്ക്ക് പക്ഷേ നിരാശയായിരുന്നു ഫലം.

നേരിന്റെ വഴിയിലാണ്‌ കേരളം കേന്ദ്രത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുനിൽക്കുന്നത്‌. നിരാശരായിട്ടും വൈരാഗ്യബുദ്ധി കൈവിടാതെ കിഫ്‌ബിയെയും നേതാക്കളുടെ കുടുംബങ്ങളെയും കുരുക്കാനാകുമോയെന്നാണ്‌ ഇഡിയുടെ ഇപ്പോഴത്തെ നോട്ടം.

വൻ കള്ളപ്പണ ഇടപാട്‌ നടത്തിയ ബിജെപി നേതാക്കളെ തൊടാതെ അധികാരവിധേയത്വം കാണിക്കാനും ഈ കേന്ദ്ര ഏജൻസികൾക്ക്‌ മടിയില്ല. നയതന്ത്ര പാഴ്‌സലിൽ സ്വർണക്കടത്ത്‌ നടത്തിയ കുറ്റവാളികളെ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന്‌ കേരളം ആവശ്യപ്പെട്ടപ്പോൾ ഇഡിയും സിബിഐയും കുറ്റവാളികളെ കണ്ടെത്താനല്ല ശ്രമിച്ചത്‌.

ബിജെപി നേതാക്കളുടെ നിർദേശത്തിനനുസരിച്ച്‌ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ തിരിച്ചുവിടാനായിരുന്നു ശ്രമം . നിരവധി ഇല്ലാക്കഥകൾ മാധ്യമങ്ങളിലൂടെ പൊലിപ്പിച്ചു. മന്ത്രിയായിരുന്ന കെ ടി ജലീലിനെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്‌ണനെയും ചേർത്ത്‌ അപസർപ്പക കഥകൾ വരെ പ്രചരിപ്പിച്ചു.

ബിജെപിയുടെ കൂടാരത്തിലെത്തിയ സ്വർണക്കടത്തുകാരിക്ക്‌ ഇതിന്റെ മറവിൽ എല്ലാ സുരക്ഷയും ഒരുക്കാനും കേന്ദ്ര ഏജൻസികൾ മത്സരിച്ചു. ലൈഫ്‌ മിഷനിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരിയിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റ്‌ സമുച്ചയവും കേന്ദ്ര ഏജൻസികളുടെ വരവോടെ നിലച്ചു.

കോൺഗ്രസ്‌ എംഎൽഎ അനിൽ അക്കരയാണ്‌ ഇതിനായി ചരടുവലിച്ചത്‌. പാവപ്പെട്ട മനുഷ്യരുടെ വീടെന്ന സ്വപ്‌നം കേന്ദ്ര ഏജൻസികളുടെ ഇടപെടലോടെ പാതിവഴിയിലായി. കേരളം സ്വപ്‌നംകണ്ട പദ്ധതികൾ യാഥാർഥ്യമാക്കുന്ന കിഫ്‌ബിക്കുനേരെയും ചാടിവീണു.

ബിജെപിയും കോൺഗ്രസും ഒരുമിച്ചായിരുന്നു തിരക്കഥ ചമച്ചത്‌. മസാല ബോണ്ടിന്റെ പേരിൽ മുൻ ധനമന്ത്രി തോമസ്‌ ഐസകിനെ വേട്ടയാടാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു . കരുവന്നൂർ ബാങ്കിൽ ഒരു വിഭാഗം നടത്തിയ തട്ടിപ്പ്‌ അന്വേഷിക്കാനാണ്‌ ഇഡി വന്നത്‌. എന്നാൽ, അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ പതിവുപോലെ സിപി എം നേതാക്കളെ ലക്ഷ്യംവയ്‌ക്കാൻ തുടങ്ങി.

മുൻ മന്ത്രി എ സി മൊയ്‌തീനെയും എം കെ കണ്ണനെയും കുരുക്കാനുമായിരുന്നു ശ്രമം. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജന്റെ പേര്‌ വലിച്ചിഴയ്‌ക്കാനും ശ്രമവുമുണ്ടായി. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആരോപണവിധേയനായ കൊടകര കുഴൽപ്പണ കേസിൽ പ്രാഥമികാന്വേഷണംപോലും നാളിതുവരെ നടത്തിയിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം കേസെടുക്കാൻ അധികാരമുള്ള അന്വേഷണ ഏജൻസിക്ക്‌ യജമാനഭക്തിമൂത്ത്‌ ഇക്കൂട്ടരെ തൊടാൻ പേടിയാണ്‌. സഹകരണ മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പ്‌ നടന്ന, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം ബിഎസ്‌എൻഎൽ എൻജിനിയേഴ്‌സ്‌ സഹ. സംഘത്തിലേക്കുള്ള വഴിയിലും ഇഡിയില്ല. അവരെ വെള്ള പൂശുമോയെന്നാണ് സംശയം . ഏതായാലും മടിയിൽ കനമുള്ളവൻ വഴിയിൽ തപ്പിയാൽ മതി .

Leave a Reply

Your email address will not be published. Required fields are marked *