Your Image Description Your Image Description

പല്ലിന്‍റെ ആരോഗ്യകാര്യത്തിലേക്ക് വരുമ്പോഴും നമ്മുടെ ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഏതായത് ചില ഭക്ഷണങ്ങള്‍ നമ്മള്‍ പല്ലിന്‍റെ ആരോഗ്യത്തിന് എന്ന ലക്ഷ്യത്തോടെ തന്നെ ഡയറ്റിലുള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.

നമുക്കറിയാം കാത്സ്യം ആണ് പല്ലിന്‍റെ ആരോഗ്യത്തിന് നമ്മള്‍ ഭക്ഷണത്തിലൂടെ ഉറപ്പിക്കേണ്ടൊരു ഘടകം. എന്നാല്‍ കാത്സ്യം മാത്രം പോര പല്ലിന്. പല്ലില്‍ പോട്, മോണ രോഗം, വായ്‍നാറ്റം, പല്ലില്‍ നിറംമങ്ങല്‍, പല്ല് പൊട്ടല്‍ എന്നിങ്ങനെ പല്ലിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടണമെങ്കില്‍ വിവിധ പോഷകങ്ങള്‍ കിട്ടിയേ മതിയാകൂ.

ഇത്തരത്തില്‍ പല്ലിന്‍റെ ആരോഗ്യം സംരക്ഷിച്ചുനിര്‍ത്താനും പല്ലിനെ ബാധിക്കുന്ന പ്രശ്നങ്ങളെ അകറ്റിനിര്‍ത്താനും നമ്മള്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയൂ…

ഒന്ന്…
പാലും പാലുത്പന്നങ്ങളും പതിവായി കഴിക്കുന്നത് പല്ലിന് നല്ലതാണ്. പല്ലിന്‍റെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ ഉറപ്പിക്കാനാണിവ കഴിക്കുന്നത്. പല്ലിന്‍റെ ഇനാമല്‍ ശക്തിപ്പെടുത്താനും പല്ല് തിളക്കമുള്ളതും ബലമുള്ളതുമാക്കാനും എല്ലാം ഇവ സഹായിക്കുന്നു.

രണ്ട്…

‘ക്രഞ്ചി’യായ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതും പല്ലിന് നല്ലതാണ്. ആപ്പിള്‍. ക്യാരറ്റ്, സെലറി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവ ഉമിനീരീന്‍റെ ഉത്പാദനം കൂട്ടുമത്രേ. ഇതോടെ വായ്ക്കകത്ത് പല രോഗങ്ങളും വരാനുള്ള സാധ്യത ഇല്ലാതാകുന്നു.

മൂന്ന്…

ഗ്രീൻ ടീ കഴിക്കുന്നതും (മധുരമില്ലാതെ) പല്ലിന് വളരെ നല്ലതാണ്. ഗ്രീൻ ടീയിലുള്ള ‘കാറ്റെച്ചിൻസ്’ മോണ രോഗം അടക്കം പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായകമാണ്.

നാല്…

പതിവായി അല്‍പം നട്ട്സ്, പ്രത്യേകിച്ച് ബദാമും അണ്ടിപ്പരിപ്പും കഴിക്കുന്നതും പല്ലിന് നല്ലതാണ് കെട്ടോ. ഇവയിലുള്ള കാത്സ്യം, പ്രോട്ടീൻ എന്നിവ പല്ലിന് ഏറെ പ്രയോജനപ്രദമാകുന്നു.

അഞ്ച്…

ഇലക്കറികള്‍ പതിവായി കഴിക്കുന്നതും പല്ലിന് നല്ലതാണ്. ഇവയിലുള്ള വൈറ്റമിനുകള്‍, ധാതുക്കള്‍, കാത്സ്യം, ഫോളിക് ആസിഡ് എന്നീ ഘടകങ്ങളെല്ലാം തന്നെ പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിന് നല്ലതാണ്.

ആറ്…

ധാരാളം കൊഴുപ്പടങ്ങിയ മീനുകള്‍ കഴിക്കുന്നതും പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും. സാല്‍മണ്‍ മത്സ്യമാണ് ഇതിനൊരുദാഹരണം. ഈ മീനുകളിലെല്ലാമുള്ള ഒമേഗ 3 ഫാറ്റി ആസിഡ്സ് ആണ് പല്ലിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്.

ഏഴ്…

സവാളയും പല്ലിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ് കെട്ടോ. സവാളയിലുള്ള സള്‍ഫര്‍ കൗമ്പൗണ്ടുകള്‍ പല്ലുകളെ ബാധിക്കുന്ന പല ബാക്ടീരിയകളെയും ചെറുക്കുന്നു. ഇതോടെ പല്ലിലെ പോട്, മറ്റ് അസുഖങ്ങള്‍ എന്നിവയും അകലത്തിലാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *