Your Image Description Your Image Description
Your Image Alt Text

ജറുസലം: വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 166 പലസ്തീൻകാർ. 384 പേർക്കു പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങിയ ശേഷം മരിച്ച പലസ്തീൻകാരുടെ എണ്ണം 20,424 ആയി. ഇതുവരെ 54,036 പേർക്കു പരുക്കേറ്റു.മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് സ്ഥിതിചെയ്യുന്ന ജബാലിയയിൽ ഇന്നലെയും വ്യോമാക്രമണം തുടർന്നു. ഖാൻ യൂനിസിലെ അൽ അമാൽ ആശുപത്രിയിൽ 13 വയസ്സുള്ള കുട്ടി ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടന ‘റെഡ് ക്രസന്റ്’ അറിയിച്ചു. കഴിഞ്ഞ ദിവസം ഗാസയിലെ രണ്ടു പാർപ്പിട സമുച്ചയങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90 ആയി.

ഇതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചർച്ച നടത്തി. ഗാസയിലെ മരണസംഖ്യയിലും മനുഷ്യരുടെ ദുരിതത്തിലുമുള്ള ആശങ്ക ആവർത്തിച്ച യുഎസ്, സഹായപ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും ഇസ്രയേൽ തയാറാകണമെന്ന് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

ഹമാസിനെ പിന്തുണയ്ക്കുന്ന സായുധസംഘടനയായ പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് പ്രതിനിധി സംഘം ഇന്നലെ കയ്റോയിൽ ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു സംബന്ധിച്ചായിരുന്നു ചർച്ച. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതിക‍ൾ തെക്കൻ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്കു നേരെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *