Your Image Description Your Image Description

10 ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഫെബ്രുവരി 17 ന് കൊടിയേറി. കുംഭ മാസത്തിലെ പൂരം നാളായ 25 നു ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കും. 27 ന് ഉത്സവത്തിന്റെ കൊടിയിറങ്ങും. 17 ശനിയാഴ്ച രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ്  ഉത്സവം ആരംഭിച്ചത്.

17 ന് വൈകീട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ താരം അനുശ്രീ നിര്‍വഹിച്ചു.  ആറ്റുകാല്‍ അംബാ പുരസ്കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് സമ്മാനിച്ചു. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിച്ചു. 17 മുതല്‍ 27 വരെ രാവിലെ അഭിഷേകം (5.30), ദീപാരാധന (6.05), ഉഷഃപൂജ (6.40), ഉഷശ്രീബലി (6.50), കളകാഭിഷേകം (7.15), പന്തീരടി പൂജ (8.30), ഉച്ചപൂജ (11.30), ദീപാരാധന (ഉച്ചയ്ക്ക് 12), ഉച്ചശ്രീബലി (12.30), ദീപാരാധന (6.45), ഭഗവതിസേവ (7.15), അത്താഴപൂജ (9), ദീപാരാധന (9.15), അത്താഴ ശ്രീബലി (9.30), ദീപാരാധന (12) എന്നിവ ഉണ്ടായിരിക്കും. 23 ന് ഈ ചടങ്ങുകള്‍ ഉണ്ടാകില്ല.

പൊങ്കാല മഹോത്സവദിവസമായ 25 ന് രാവിലെ 10.30 ന്  അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 ന്  കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത്. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

ആറ്റുകാല്‍ പൊങ്കാല മഹോത്സവം പ്രമാണിച്ച് ട്രെയിനുകളില്‍ സീറ്റുകള്‍ ഫുള്‍ ആയി. 23, 24 തീയതികളിലും 25 ന് പുലര്‍ച്ചെയും തിരുവനന്തപുരത്തെത്തുന്ന ട്രെയിനുകളിലെല്ലാം സ്ലീപ്പര്‍ കോച്ചുകളും തേഡ് എസി സീറ്റുകളും റിസര്‍വ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. വന്ദേഭാരത് ട്രെയിനിലും സീറ്റില്ല. സംസ്ഥാനത്ത് എല്ലാ ജില്ലകളില്‍നിന്നു മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരെ ഭക്തര്‍ തലസ്ഥാനത്തെത്തും.

മദ്യനിരോധനം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തനത്തിലും  നിയന്ത്രണം  ഏർപ്പെടുത്തി. പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6  മണി മുതൽ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം വരെയാണ് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലുമുള്ള എല്ലാ മദ്യ വിൽപ്പനശാലകൾക്കും നിയന്ത്രണമുണ്ട്.

ഭക്തജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ്

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് നടത്തി. fsonemomcirclee@gmail.com ലേക്ക് ക്ലാസിൽ പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള  അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

ആറ്റുകാൽ മഹോത്സവം; 25 റോഡുകളുടെ നവീകരണം

ആറ്റുകാൽ മഹോത്സവത്തോടനുബന്ധിച്ച്  തിരുവനന്തപുരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തികൾ പൂര്‍ത്തിയായി. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് 25 റോഡുകൾ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. പകലും രാത്രിയും കഠിനാദ്ധ്വാനം ചെയ്ത് നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച എല്ലാവർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

ഭക്തജന സുരക്ഷക്ക് 3,000 പോലീസുകാർ

ആറ്റുകാൽ മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി  നഗരത്തിൽ 3,000ത്തോളം പോലീസുകാരെ വിന്യസിക്കും. ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ടുഘട്ട  സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്.

ആറ്റുകാൽ മഹോത്സവം: ക്ഷേത്രത്തിൽ നടക്കുന്ന കലാപരിപാടികൾ

ഫെബ്രുവരി 17 ശനിയാഴ്ച:  വൈകിട്ട് ആറ് മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം അനുശ്രീ നിർവഹിക്കും. തുടർന്ന്, രാത്രി എട്ടു മണിക്ക് പ്രശസ്ത സംഗീതജ്ഞൻ കാവാലം ശ്രീകുമാർ നയിക്കുന്ന സംഗീതകച്ചേരി.

ഫെബ്രുവരി 18 ഞായറാഴ്ച:  രാത്രി 9.30 പിന്നണി ഗായകരായ നയന നായരും ശ്രീനാഥും നയിക്കുന്ന ഗാനമേള.

ഫെബ്രുവരി 19 തിങ്കളാഴ്ച:  രാത്രി 9.30ന് സംഗീത സംവിധായകൻ വിദ്യാധരനും പിന്നണി ഗായകൻ സുധീപ് കുമാറും അവതരിപ്പിക്കുന്ന ഗാനമേള.

ഫെബ്രുവരി 20 ചൊവ്വാഴ്ച:  വൈകിട്ട് 5ന് പ്രശാന്ത്‌ വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപ ലഹരി ഭജനയും.

ഫെബ്രുവരി 21 ബുധനാഴ്ച: രാത്രി 9.30ന് ചാലക്കുടി പ്രസീദയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട്.

ഫെബ്രുവരി 22 വ്യാഴാഴ്ച: രാത്രി 9.30ന് പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് അവതരിപ്പിക്കുന്ന ഗാനമേള.

ഫെബ്രുവരി 23 വെള്ളിയാഴ്ച: രാത്രി 9.30ന് ‘മഞ്ജീരധ്വനി’ പിന്നണി ഗായകരായ ലതിക, ശ്രീകാന്ത്, തേക്കടി രാജൻ, സരസ്വതി ശങ്കർ തുടങ്ങിയവരുടെ സംഗീത നൃത്തശിൽപം.

ഫെബ്രുവരി 24 ശനിയാഴ്ച:  രാത്രി 9ന് ചലച്ചിത്ര പിന്നണി ഗായകൻ ഖാലിദ് നയിക്കുന്ന ഭക്തിഗാനസന്ധ്യ.

Leave a Reply

Your email address will not be published. Required fields are marked *