Your Image Description Your Image Description

ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റിൽ, അല്ലെങ്കിൽ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനു ‘ആറ്റുകല്ല്’ എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാൽ എന്ന് പരിണമിച്ചത്.

ആറ്റുകാൽ പ്രദേശത്തെ ഒരു മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ ഭഗവതി ഭക്തനായ ഒരു കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന്‌ ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകിൽ
കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു. തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത്‌ ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന്‌ വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന്‌രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തി പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി:

“നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല. ഞാൻ
അടയാളപ്പെടുത്തുന്ന സ്‌ഥലത്ത്‌ ക്ഷേത്രം പണിത്‌ എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന്‌ മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും.”

പിറ്റേ ദിവസം രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. പിറ്റേന്ന്‌ അവിടെ ചെറിയൊരു കോവിലുണ്ടാക്കി ഭഗവതിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽ വാഴുന്ന ഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ്‌ വിശ്വാസം.

വർഷങ്ങൾക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളിൽ “പള്ളിവാൾ, ത്രിശൂലം, അസി, ഫലകം” എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരിക വധത്തിന്ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ.  ദാരികവധത്തിനുശേഷം ഭക്‌തജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നു കരുതുന്നവരുമുണ്ട്‌.

അതിനു പിന്നിൽ മറ്റൊരു ഐതിഹ്യമുണ്ട്. നിരപരാധിയായ ഭർത്താവിനെ പാണ്ട്യരാജാവ് അന്യായമായി വധിച്ചതിൽ പ്രതിഷേധിച്ച മധുരയിലെ  വീരനായിക കണ്ണകി ഭയങ്കരമായ കാളീരൂപം പൂണ്ടു . തന്റെ പകയാൽ  പാണ്ട്യരാജാവിനെ വധിച്ച ശേഷം തന്റെ കോപാഗ്നിയാൽ മധുരാനഗരത്തെ ചുട്ടെരിച്ചു, ഒടുവിൽ മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം കൊടുങ്ങല്ലൂരമ്മയിൽ ലയിച്ചു മോക്ഷം നേടി എന്നാണ് ഐതിഹ്യം. ഭഗവതിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്. പൊങ്കാല ആരംഭിക്കുന്ന സമയത്ത് തോറ്റം പാട്ടിൽ പാണ്ട്യരാജാവിന്റെ വധം പാടി ആണ് ഭഗവതിയെ സ്തുതിക്കുന്നത്‌.

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നു എന്നാണ് വിശ്വാസം. അന്നപൂർണേശ്വരിയായ ഭഗവതിയുടെ മുമ്പിൽ ആഗ്രഹസാഫല്യം കൈവരിക്കാൻ വേണ്ടിയാണ്‌ സ്‌ത്രീകൾ പൊങ്കാലയിടുന്നതെന്നാണ്‌ മറ്റൊരു സങ്കല്‌പം.

ദക്ഷയാഗത്തിലും ദാരികവധത്തിലും പറയുന്ന ശിവപുത്രി, ആദിപരാശക്തി, മഹാകാളി, കാളിക, സപ്തമാതാക്കളിൽ ചാമുണ്ഡി, പ്രകൃതി, പരമേശ്വരി, ഭുവനേശ്വരി, അന്നപൂർണേശ്വരി, ബാലത്രിപുര, മഹാത്രിപുരസുന്ദരി, ജഗദംബിക, കുണ്ഡലിനീ ശക്തി തുടങ്ങിയവയെല്ലാം ഈ ഭഗവതിയാണ്.

ആറ്റുകാൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ് . ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന ചതുർബാഹുവായ രൂപം. ദാരുവിഗ്രഹമാണ്. വടക്കോട്ട് ദർശനം. നാലു പൂജയും മൂന്നു ശീവേലിയുമുണ്ട്. തന്ത്രം കുഴിക്കാട്ട് ഇല്ലത്തിന്. ആദിപരാശക്തി, കണ്ണകി എന്ന കന്യാവ്, അന്നപൂർണേശ്വരി തുടങ്ങിയ വിവിധ ഭാവങ്ങളിൽ ദേവിയെ സ്ത്രീ പുരുഷ ഭേദമന്യേ ആരാധിക്കുന്നു.

മഹാഗണപതി, മഹാദേവൻ, നാഗരാജാവ് (വാസുകി), മാടൻതമ്പുരാൻ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവന്മാർ

Leave a Reply

Your email address will not be published. Required fields are marked *