Your Image Description Your Image Description
Your Image Alt Text

മുതിർന്ന നേതാവ്‌ കമൽനാഥിനു പുറമെ മനീഷ്‌ തിവാരിയും കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിൽ ചേക്കേറുമെന്ന്‌ അഭ്യൂഹം. ബിജെപി കേന്ദ്രങ്ങളുമായി തിവാരി ബന്ധപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ, ഇക്കാര്യം അടിസ്ഥാനരഹിതമാണെന്ന്‌ തിവാരിയുടെ ഓഫീസ്‌ അറിയിച്ചു. കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭയിൽ സംസാരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ തിവാരി എക്‌സിൽ റീ പോസ്റ്റും ചെയ്‌തു.

അതേസമയം, രണ്ടുദിവസമായി ഡൽഹിയിൽ തുടരുന്ന മധ്യപ്രദേശ്‌ മുൻ മുഖ്യമന്ത്രികൂടിയായ കമൽനാഥ്‌ ബിജെപിയിലേക്കുള്ള കൂടുമാറ്റം ഇതുവരെയും തള്ളിയിട്ടില്ല. സമയം ആകുമ്പോൾ തീരുമാനം അറിയിക്കാമെന്നും ആരുമായും സംസാരിച്ചിട്ടില്ലെന്നുമാണ്‌ ഞായറാഴ്‌ച പ്രതികരിച്ചത്‌. അദ്ദേഹത്തിന്റെ വിശ്വസ്‌തരായ എംഎൽഎമാർ ഡൽഹിയിലെത്തിയിട്ടുണ്ട്‌. കമൽനാഥിനൊപ്പം മകനും എംപിയുമായ നകുൽനാഥും ബിജെപിയിലേക്ക്‌ പോകുമെന്നാണ്‌ റിപ്പോർട്ടുകൾ. നകുൽനാഥ്‌ എക്‌സ്‌ അക്കൗണ്ടിൽനിന്ന്‌ ‘കോൺഗ്രസ്‌’എന്നത്‌ നീക്കിയിരുന്നു.

ഇതിനിടെ കമൽനാഥിനെ കോൺഗ്രസ് അവഗണിച്ചെന്നും അദ്ദേഹം ബിജെപിയിൽ പോയാൽ താനടക്കമുള്ള മുതിർന്ന നേതാക്കൾ കൂടെപ്പോകുമെന്നും മുൻ മന്ത്രി ദീപക് സക്സേന പ്രതികരിച്ചു. ഛത്തീസ്ഗഢ്‌, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ തോറ്റിട്ടും കമൽനാഥിനെമാത്രം അവഗണിക്കുകയാണ്‌. പിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് നീക്കിയത്‌ വേദനിപ്പിക്കുന്നതാണ്‌–- സക്‌സേന പറഞ്ഞു. എന്നാൽ, മുതിർന്ന നേതാവ്‌ ദിഗ്‌വിജയ്‌ സിങ്ങും പിസിസി അധ്യക്ഷൻ ജിതു പട്‌വാരിയും കമൽനാഥ്‌ പാർടി വിടില്ലെന്ന്‌ ആവർത്തിച്ചു. കമൽനാഥ്‌ രാഹുൽ ഗാന്ധിയോട്‌ ഫോണിൽ സംസാരിച്ചുവെന്നും കോൺഗ്രസ്‌ വിടില്ലന്നും മുതിർന്നനേതാവ്‌ സജ്ജൻ സിങ്‌ വർമ്മ പറഞ്ഞു. ഡൽഹിലെ വസതിയിൽ സന്ദർശിച്ചശേഷമായിരുന്നു പ്രതികരണം.

മുൻ കോൺഗ്രസ്‌ നേതാവും ബിജെപി മധ്യപ്രദേശ്‌ വക്താവുമായ നരേന്ദ്ര സലൂജ കമൽനാഥിന്റെയും മകന്റെയും ചിത്രം ‘ജയ്‌ശ്രീറാം’ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മുതിർന്ന നേതാക്കളെ നഷ്‌ടപ്പെടുന്നതിൽ കോൺഗ്രസിന്‌ ആവലാതിയില്ലെന്ന്‌ മുമ്പ്‌ പാർടിവിട്ട ഗുലാംനബി ആസാദ്‌ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *