Your Image Description Your Image Description
Your Image Alt Text

 

തൃശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍. 3 രൂപാ കുറഞ്ഞതിനാണ് വയോധികനെ ബസ്സിൽ നിന്ന് തള്ളിയിട്ടതെന്നും പൊലീസ് കണ്ടെത്തി. തള്ളിയിട്ട ശേഷവും കണ്ടക്ടർ വയോധികനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്സാശികളായ പ്രവീണ്‍, പുരുഷൻ എന്നിവര്‍ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഒന്നും പറ്റിയിട്ടില്ലലോ എന്ന് പറഞ്ഞാണ് വീണ്ടും താഴേക്ക് ഇട്ടതെന്നും കല്ലിൽ ഇടിച്ചാണ് തലയ്ക്ക് ക്ഷതമേറ്റതെന്ന് ദൃക്സാക്ഷിയായ പുരുഷൻ എന്നയാള്‍ പറഞ്ഞു. വീണുകിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോഴാണ് തലയില്‍ മുറിവേറ്റത് കണ്ടതെന്നും ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞപ്പോള്‍ പൊക്കി നോക്കിയശേഷം ഒരു കുഴപ്പവുമില്ലലോ എന്ന് പറഞ്ഞ് വീണ്ടും താഴേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ പ്രവീണ്‍ പറഞ്ഞു. ഇതോടെകൂടിയാണ് ആളുടെ ബോധം പോയത്. കണ്ടക്ടര്‍ ആകെ ബഹളം വെച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.

കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 ഓടെ തൃശൂർ –കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിൻ്റെ കണ്ടക്ടർ ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു. ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ചാണ് പവിത്രൻ വീണത്.

ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം. സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസില്‍ വിവരം അറിയിച്ചതോടെ പൊലീസെത്തി കണ്ടക്ടറേയും, ബസും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *