Your Image Description Your Image Description
Your Image Alt Text

ഫെബ്രുവരി പകുതി ആയപ്പോഴേക്കും കടുത്ത വേനലാണ് കേരളത്തില്‍. ദിനംപ്രതിയെന്നോണം ക്രമാതീതമായി ചൂട് കൂടുന്നു. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഈ എരിപൊരി കാലാവസ്ഥയക്കിടെ കുട്ടികളിലടക്കം പനിയും ചുമയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും പനി ബാധിതരുടെ എണ്ണം കൂടിക്കഴിഞ്ഞു. സാധാരണ ഫെബ്രുവരി മാസങ്ങളില്‍ ഇത്തരമൊരു വൈറല്‍ പനി സാധ്യത താരതമ്യേന കുറവാണ്. വേനല്‍ക്കാലത്തിന് മുന്നോടിയായി വൈറല്‍ പനി പടര്‍ന്നുപിടിക്കാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണം.

തൊണ്ടവേദനയില്‍ തുടങ്ങി, ശരീരവേദനയായും പനിയായും പിന്നെ ചുമയിലേക്കും നീളുന്ന വൈറല്‍ ഫീവറാണ് ഇത്തവണത്തെ വേനല്‍ക്കാല വില്ലന്‍. പനി മാറിയിട്ടും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ചുമയും ക്ഷീണവുമാണ് പനി രോഗികളില്‍ അവശേഷിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന റെസ്പിറേറ്ററി വൈറസുകളാണ് പനിക്ക് ശേഷമുള്ള ചുമയിലേക്ക് നയിക്കുന്നവയില്‍ പ്രധാനി. തൊണ്ട വേദനയാവും ആദ്യ രോഗലക്ഷണം. വൈറസ് ശ്വസനവ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നത് ചുമ മാറാത്തതിന് കാരണമാകാറുണ്ട്.

വൈറസിനെ ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നീര്‍ക്കെട്ടും ചുമയും ഉണ്ടായേക്കാം. ചിലരില്‍ ഇത് ശബ്‍ദനാളത്തെയും ശ്വാസനാളത്തെയും അസ്വസ്ഥമാക്കുന്ന ചുമ മാത്രമായിരിക്കാം. മറ്റുചിലരില്‍ അല്‍പം കൂടി രൂക്ഷമായി വെളുത്ത കഫവും ശ്വാസംമുട്ടലും ഉണ്ടാക്കുന്ന ബ്രോങ്കൈറ്റിസ് ആവാനും സാധ്യതയുണ്ട്. പനിക്ക് ശേഷം രണ്ടാഴ്ച വരെ ഈ ചുമ തുടരുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിവിധ തരം ഇന്‍ഫ്‌ളുവന്‍സ വൈറസുകളാണ് പനിക്ക് കാരണമാരുന്നത്. പൊടിക്കൈകള്‍ മാറ്റി നിര്‍ത്തി ചികിത്സ തേടുക എന്നതുതന്നെയാണ് പ്രധാന പ്രതിവിധി. മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ പൊതുവായ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു പരിധി വരെ ഈ വില്ലന്‍ പനിയുടെ പിടിയില്‍നിന്നും രക്ഷപെടാം.

ഇതോടൊപ്പം ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ സഹായിക്കും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ജലാംശം കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യണം. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് തണുത്ത ബിയര്‍ കുടിക്കുന്നത് ആശ്വാസമെന്ന് തോന്നുമെങ്കിലും ഇത് നിര്‍ജ്ജലീകരണം കൂട്ടാനേ സഹായിക്കൂ. പ്രായമായവരുടെ ശരീരത്തില്‍ സോഡിയം കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വൃത്തിഹീനമായ കടകളില്‍നിന്നും ജ്യൂസ് അടക്കമുള്ള പാനീയം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ പത്തിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ വെയിലിനെ പ്രതിരോധിക്കാന്‍ കരുതലുകള്‍ സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *