Your Image Description Your Image Description
Your Image Alt Text

‘‘പറഞ്ഞ നിർദേശങ്ങളൊക്കെയും പോസിറ്റീവായി സ്വീകരിച്ചു. അനുഭാവപൂർവം പരിഗണിച്ചു. ലൈബ്രറിയും പുസ്‌തകവും ക്ലാസ്‌മുറിയും കെട്ടിടവുമെല്ലാം ഭിന്നശേഷി സൗഹൃദമാക്കുമെന്ന ഉറപ്പു ലഭിച്ചു. വലിയ സന്തോഷം’’–- നിറഞ്ഞ കൈയടികളോടെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തെ വരവേറ്റ കാലടി സംസ്‌കൃതം സർവകലാശാലയിലെ കാഴ്‌ചപരിമിതിയുള്ള വിദ്യാർഥിനി ആര്യ പ്രകാശിന്റെ വാക്കുകളാണിത് .

നവകേരളമുയരുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നിർദേശങ്ങളാണ്‌ എംഎ ഹിന്ദി വിദ്യാർഥിനി മുഖ്യമന്ത്രിയുമായുള്ള കോഴിക്കോട്ടെ മുഖാമുഖത്തിൽ പങ്കുവച്ചത്‌. ‘‘ക്യാമ്പസുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാകണം.

കാഴ്‌ചപരിമിതരായ വിദ്യാർഥികൾക്ക്‌ ലൈബ്രറി ഉപയോഗിക്കാൻ കഴിയുന്നില്ല. ടോക്കിങ് ബുക്ക്‌ ലൈബ്രറികൾ അനുവദിച്ചുകൂടെ’’– ഇതായിരുന്നു കണ്ണൂർ സ്വദേശിനി ആര്യയുടെ നിർദേശം. ഗ്രേസ്‌ മാർക്കുകൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാൻ ഇനിയും ഒരുപാട്‌ ചെയ്യാനുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ‘‘വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടോക്കിങ് ബുക്ക്‌ ലൈബ്രറിയും ഓഡിയോ ബുക്കും സ്‌ക്രീൻ റീഡറും പോഡ്‌കാസ്‌റ്റുകളും വരണം.

21 വിഭാഗം ഭിന്നശേഷിക്കാരെ പരിഗണിച്ചാണ്‌ പ്രവർത്തനങ്ങൾ നടത്തുന്നത്‌. പാഠ്യ പദ്ധതിയിലും ഇതുണ്ടാകും. കാലികമായ മാറ്റം വരും. അധ്യാപക പരിശീലന കോഴ്‌സുകളും ഈ വിധം മാറും. അനുയോജ്യമായ പഠനോപകരണങ്ങൾ വികസിപ്പിക്കാൻ സർവകലാശാലകൾ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ മേഖല ഭിന്നശേഷി സൗഹൃദവും ലിംഗനീതി അധിഷ്‌ഠിതവുമാക്കും’’–- മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.

‘കലാപത്തിന്‌ ശേഷം ഞങ്ങൾക്ക്‌ എല്ലാം നഷ്ടമായി. തുടർ പഠനത്തിന്‌ അവസരം തേടി എല്ലാ സർക്കാരുകളെയും സമീപിച്ചു. പക്ഷെ, കേരളമാണ്‌ അഭയം തന്നത്‌. ഞങ്ങൾ ഈ സർക്കാരിനോട്‌ കടപ്പെട്ടിരിക്കുന്നു. ഇവിടെ ഞങ്ങൾ സുരക്ഷിതരാണ്‌. കേരളത്തിന്‌ നന്ദി’’–- മണിപ്പുർ വിദ്യാർഥി ഗൗലങ് മൊന്നിന്റെ വാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ്‌ സദസ്സ്‌ വരവേറ്റത്‌.

ക്രിസ്‌ത്യൻ കോളേജിൽ മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക്‌ എത്തിയതായിരുന്നു മണിപ്പുരിൽ നിന്നുള്ള വിദ്യാർഥികൾ. എന്തുകൊണ്ടാണ്‌ കേരളത്തിന്‌ ഇത്‌ സാധിക്കുന്നത്‌ എന്ന ചോദ്യത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും ഏറെ മധുരമുള്ളതായിരുന്നു. ‘‘ഒരു നല്ല സർക്കാർ ചെയ്യേണ്ടതാണ്‌ ഞങ്ങൾ ചെയ്‌തത്‌. ഞങ്ങൾക്ക്‌ ശത്രുക്കളില്ല.

എല്ലാവരെയും സമന്മാരായി കണ്ടുള്ള നിലപാടാണത്‌. സിപി എം നേതൃത്വം നൽകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ രാഷ്‌ട്രീയ ആദർശത്തിന്റെ കൂടി ഭാഗമാണത്‌. ഒഡിഷയിലും മുസാഫർ നഗറിലും വർഗീയ കലാപമുണ്ടായപ്പോൾ അഭയം നൽകിയത്‌ സിപിഎമ്മാണ്‌. വർഗീയ കലാപത്തിന്റെ ഒരു തരിപോലും വീഴാത്ത നാടാണ്‌ കേരളം. അതാണ്‌ ഈ നാടിന്റെ സവിശേഷത.

ചടങ്ങിനു ശേഷം നാല്‌ മണിപ്പുരി വിദ്യാർഥികളും മുഖ്യമന്ത്രിയെ നേരിൽകണ്ട്‌ നന്ദി അറിയിച്ചു. ‘‘കലാപകാരികൾ വീടിന്‌ തീവച്ചു. അച്ഛനും അമ്മയും ഒറ്റപ്പെട്ടു കഴിയുന്നു. ഇപ്പോഴും അവർ സുരക്ഷിതരല്ല. മണിപ്പുരിൽ എംഎ സോഷ്യോളജി പഠിക്കുമ്പോഴാണ്‌ കലാപമുണ്ടായത്‌. ഇപ്പോൾ ഇരിട്ടി ഡോൺബോസ്‌കോ കോളേജിൽ എംഎസ്‌ഡബ്ല്യുവിന്‌ പഠിക്കുകയാണവർ .

സംസ്ഥാനത്തെ സർവകലാശാലകൾ, മെഡിക്കൽ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേരള കലാമണ്ഡലം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന്‌ പാഠ്യ, പാഠ്യേതര മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾ, യൂണിയൻ ഭാരവാഹികൾ തുടങ്ങി 2000 വിദ്യാർഥികളാണ്‌ സദസ്സിൽ പങ്കെടുത്തത്‌.

Leave a Reply

Your email address will not be published. Required fields are marked *