Your Image Description Your Image Description

ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി. പാകിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലെ ബുണർ ജില്ലയിൽ നിന്നുള്ള ഡോ. സവീര പ്രകാശ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായിട്ടാണ് ഒരു ഹിന്ദു സ്ത്രീ മത്സരിക്കുന്നത്.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ടിക്കറ്റിലാണ് സവീര മത്സരിക്കുന്നത്. യുവതിയുടെ പിതാവും റിട്ട. ഡോക്ടറുമായ ഓംപ്രകാശ് കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി പാർട്ടിയിൽ പ്രവർത്തിച്ചുവരികയാണ്. 2022 ൽ അബോട്ടാബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ സവീര, ബുനറിലെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി വനിതാ വിഭാഗം ജനറൽ സെക്രട്ടറിയാണ്.

പ്രദേശത്തെ പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായി പിതാവിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഡിസംബർ 23നാണ് സവീര നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രദേശത്തെ സ്ത്രീകൾ അടിച്ചമർത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നും, അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് സവീര ഉറപ്പുനൽകി.

തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി നേതൃത്വം പിതാവിനെ സമീപിച്ചുവെന്നും യുവതി വ്യക്തമാക്കി. ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന സമയത്ത് സർക്കാർ ആശുപത്രികളിലെ കെടുകാര്യസ്ഥത നേരിൽ കണ്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ജനറൽ സീറ്റുകളിൽ അഞ്ച് ശതമാനം പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) അടുത്തിടെ വനിതാ സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *