Your Image Description Your Image Description
Your Image Alt Text

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പതിനഞ്ചിൽ പന്ത്രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. എറണാകുളം, മലപ്പുറം, പൊന്നാനി സീറ്റുകളിലാണ് തീരുമാനം വൈകുന്നത് . മൂന്ന് വനിതാ സ്ഥാനാർഥികളെന്ന നിർദ്ദേശം പൊളിറ്റ് ബ്യൂറോ മുന്നോട്ട് വച്ചിട്ടും ഒരാൾ മാത്രമാണ് ഇതുവരെ പട്ടികയിൽ ഇടം പിടിച്ചത്.

ഒരു പൊളിറ്റ് ബ്യൂറോ അംഗവും നാല് കേന്ദ്ര കമ്മറ്റി അംഗങ്ങളും മൂന്ന് ജില്ലാ സെക്രട്ടറിമാരും ഒരു മന്ത്രിയുമുൾപ്പെടുന്ന കരുത്തുറ്റ സ്ഥാനാർഥി പട്ടികയാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് സിപിഎം തയ്യാറാക്കുന്നത്.

പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പാലക്കാടും , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക് പത്തനംതിട്ടയിലും കെ.കെ.ശൈലജ വടകരയിലും എളമരം കരീം കോഴിക്കോടും മത്സരിക്കുമെന്നുറപ്പായി . മന്ത്രിയും കേന്ദ്ര കമ്മറ്റിയംഗവുമായ കെ.രാധാകൃഷ്ണനാണ് ആലത്തൂർ തിരിച്ചുപിടിക്കാൻ ഇറങ്ങുന്നത്. താൽപര്യമില്ലെങ്കിലും മുൻ മന്ത്രി സി. രവീന്ദ്രനാഥിന് ചാലക്കുടിയിൽ മത്സരിക്കേണ്ടി വരും.

കണ്ണൂരിൽ എം.വി.ജയരാജനും , കാസർകോട് എം.വി.ബാലകൃഷ്ണനും , ആറ്റിങ്ങലിൽ വി. ജോയിയും പോരിനിറങ്ങും , ഇവർ മൂന്ന് പേരും ജില്ലാ സെക്രട്ടറിമാരാണ് . കൊല്ലത്ത് നടനും എംഎൽഎയുമായ എം.മുകേഷാണ് മത്സരിക്കുന്നത് .

ആലപ്പുഴയിൽ സിറ്റിങ് എംപി എ.എം. ആരിഫ് തന്നെയാണ് സ്ഥാനാർത്ഥി . ഇടുക്കിയിൽ ജോയ്സ് ജോർജ് വീണ്ടും അങ്കത്തിനിറങ്ങും . ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ കഴിഞ്ഞതോടെ 12 പേരുടെ കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. ഇനി മൂന്ന് സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത് .

സിപിഎമ്മിന് കാര്യമായ പ്രതീക്ഷയില്ലാത്ത എറണാകുളത്തും മലപ്പുറത്തും പൊന്നാനിയിലും നടക്കുന്ന ആലോചനകൾ ഇനിയും വ്യക്തമല്ല. 21 ന് ചേരുന്ന സംസ്ഥാന സമിതിയോടെ ഈ മൂന്ന് സീറ്റുകളുടെ കാര്യത്തിലും തീരുമാനമാകും .

വനിതാ പ്രാതിനിധ്യം ഉയർത്താൻ ഇനി സാധ്യത കുറവായിരിക്കും . എറണാകുളം സീറ്റിൽ മാത്രമാണ് ഇനി വനിത വരാൻ സാധ്യതയുള്ളത് . ഇല്ലെങ്കിൽ സി.രവീന്ദ്രനാഥിന്‍റെ അഭ്യർഥന മാനിച്ച് ചാലക്കുടിയിൽ മാറ്റം വരുത്തണം. എന്തായാലും ഒരു കാര്യം വ്യക്തമാണ് – പുതുമുഖങ്ങളോ യുവാക്കളോ അല്ല, നിർണായക തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ആശ്രയം മുതിർന്ന നേതാക്കൾ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *