Your Image Description Your Image Description
Your Image Alt Text

പുനലൂർ : സംസ്ഥാനത്തുതന്നെ ഏറ്റവുമധികം പകൽ താപനില രേഖപ്പെടുത്തുന്ന പുനലൂരിൽ ചൂട് 37 ഡിഗ്രി കടക്കുന്നു. 37.2 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച പുനലൂരിൽ രേഖപ്പെടുത്തിയ താപനില. ഈമാസം ഇത് മൂന്നാമത്തെ തവണയാണ് ചൂട് 37 ഡിഗ്രി കടക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും 37.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇതിനും ഒരാഴ്ചമുൻപ് രേഖപ്പെടുത്തിയ 37.6 ഡിഗ്രി സെൽഷ്യസ് രാജ്യത്തെതന്നെ ഉയർന്ന താപനിലയായി.

മുൻവർഷങ്ങളിലൊക്കെ ഏപ്രിൽ, മേയ് മാസങ്ങളിലാണ് പുനലൂരിൽ ചൂട് 37 ഡിഗ്രി സെൽഷ്യസ് കടക്കാറുള്ളത്. സമീപകാലത്തൊന്നും ഫെബ്രുവരിയിൽ ഇത്രയും ചൂട് ഉയർന്നിട്ടില്ല. അസഹ്യമായ ചൂട് അനുഭവപ്പെട്ടു തുടങ്ങിയതോടെ രാവിലെ 11-നുശേഷം നഗരത്തിൽ തിരക്കൊഴിയുന്ന സാഹചര്യമുണ്ട്. സന്ധ്യമയങ്ങുമ്പോഴാണ് നഗരം വീണ്ടും സജീവമാകുന്നത്.ചൂട് ഉയർന്നതോടെ നഗരപ്രദേശത്തെ ജലാശയങ്ങളൊക്കെ വറ്റിത്തുടങ്ങി. കല്ലടയാറ്റിലും ജലനിരപ്പ് താഴ്ന്നു. തോടുകളും അരുവികളുമൊക്കെ വറ്റിവരണ്ടു. നഗരസഭാ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. ഉയർന്ന വാർഡുകളിൽ വെള്ളം കിട്ടുന്നില്ല. നഗരസഭ ടാങ്കർ ലോറിയിൽ വിതരണം ചെയ്യുന്ന വെള്ളം നാട്ടുകാർക്ക് തികയുന്നുമില്ല. ഇതിനിടെ നഗരപ്രദേശത്തെ വിവിധ ഭാഗങ്ങളിൽ വിതരണക്കുഴൽ പൊട്ടി വെള്ളം നഷ്ടമാകുന്നതും കാണാം. ദേശീയപാതയിൽ പൈനാപ്പിൾ ജങ്ഷനിൽ കുണ്ടറ ജലവിതരണ പദ്ധതിയുടെ കുഴൽ നിരന്തരം പൊട്ടുന്നയിടത്ത് പത്തേക്കർ വാർഡ് കൗൺസിലർ ഷൈൻ ബാബുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *