Your Image Description Your Image Description
Your Image Alt Text

മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും രാത്രി കൃത്യമായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം ഉൾപ്പെടെയുള്ള ആരോ​ഗ്യാവസ്ഥകളുമായി ഉറക്കത്തിന് ബന്ധമുണ്ട്. ഭക്ഷണവും ചർമ്മസംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മിക്ക ആളുകൾക്കും അറിയാം. എന്നാൽ, ചർമ്മത്തിന്റെ ആരോഗ്യത്തിൽ ഉറക്കത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആളുകൾ പലപ്പോഴും ബോധവാന്മാരായിരിക്കില്ല.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. മോശം ഉറക്ക ശീലങ്ങളും മുഖക്കുരു വരുന്നതിന് കാരണമാകും. ഉറങ്ങാൻ പോകുമ്പോൾ വരുത്തുന്ന ചില തെറ്റുകൾ ചർമ്മത്തിന്റെ ആരോ​ഗ്യത്തെ മോശമായി ബാധിക്കും. ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് നിങ്ങളുടെ ഉറക്കശീലം മെച്ചപ്പെടുത്തേണ്ടത് എങ്ങനെയെന്ന് നോക്കാം.

വൃത്തിയുള്ള തലയിണ ഉപയോ​ഗിക്കുക

മുഖക്കുരു വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കപ്പെടാത്ത ഘടകങ്ങളിലൊന്നാണ് തലയിണയുടെ വൃത്തി. വൃത്തിഹീനമായ തലയിണ ഉപയോ​ഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ എണ്ണ, വിയർപ്പ്, ബാക്ടീരിയ, നിർജ്ജീവ കോശങ്ങൾ എന്നിവ വർധിക്കുന്നതിലേക്ക് നയിക്കുന്നു. കാലക്രമേണ, ഈ മാലിന്യങ്ങൾ ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിനും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാകും. ഇത് തടയാൻ, ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങളുടെ തലയിണകൾ മാറ്റാൻ ശ്രദ്ധിക്കുക.

ഉറങ്ങുമ്പോൾ മേക്കപ്പ് ഒഴിവാക്കുക

മുഖം ശരിയായി വൃത്തിയാക്കാതെയും മേക്കപ്പ് നീക്കം ചെയ്യാതെയും ഉറങ്ങുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. മേക്കപ്പ് സുഷിരങ്ങൾ അടഞ്ഞുപോകുന്നതിന് കാരണമാകും. ​​ഇത് സെബം ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും മുഖക്കുരു രൂപപ്പെടുന്നതിനും ഇടയാക്കും. നിങ്ങളുടെ ചർമ്മത്തെ ശ്വസിക്കാനും വിശ്രമിക്കാനും അനുവദിക്കുന്നതിന് ക്ലെൻസിങ്ങും മോയ്സ്ചറൈസിംഗും ഉൾപ്പെടുന്ന ഒരു ബെഡ്ടൈം ചർമ്മസംരക്ഷണ ദിനചര്യ സൃഷ്ടിക്കുക.

കൃത്യമായ ഉറക്ക സമയം ചിട്ടപ്പെടുത്തുക

ക്രമരഹിതമായ ഉറക്കം ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കും. ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കുണ്ട്. നിങ്ങളുടെ ഉറക്ക ശീലം അസ്ഥിരമാകുമ്പോൾ, ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം, ഇത് മുഖക്കുരു ഉണ്ടാകുന്നതിന് ഇടയാക്കും. എല്ലാ ദിവസവും ഒരേ സമയങ്ങളിൽ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ട് സ്ഥിരമായ ഉറക്ക ദിനചര്യ ക്രമീകരിക്കാൻ ശ്രദ്ധിക്കുക.

​ഗുണനിലവാരമുള്ള ഉറക്കം ശീലമാക്കുക

നിങ്ങളുടെ ഉറക്കത്തിന്റെ ദൈർഘ്യം പോലെ തന്നെ പ്രധാനമാണ് ​ഗുണനിലവാരവും. മോശം ഉറക്ക ഗുണനിലവാരം, ഇടയ്ക്കിടെ ഉറക്കത്തിൽ നിന്ന് ഉണരുന്നത്, ആഴത്തിലുള്ള ഉറക്കം ലഭിക്കാത്തത് എന്നിവ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ വർധിപ്പിക്കും. ഉയർന്ന കോർട്ടിസോളിന്റെ അളവ് ചർമ്മത്തിലെ എണ്ണ ഉൽപാദനത്തെയും വീക്കത്തെയും ഉത്തേജിപ്പിക്കുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, സുഖപ്രദമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക. ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക. ആഴത്തിലുള്ള ശ്വസന വ്യായാമമോ ധ്യാനമോ പോലുള്ള കാര്യങ്ങൾ പരിശീലിക്കുക.

ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

ഉറങ്ങുന്നതിന് തൊട്ടുമുൻപ് കഫീൻ, മധുര പലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും. ഉത്തേജകങ്ങൾ നിങ്ങളുടെ ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുന്നത് മുഖക്കുരുവിന് കാരണമാകും. ഉറക്ക സമയത്തിന് തൊട്ടുമുൻപ് നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ ലഘുവും സമീകൃതവുമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക. ജങ്ക് ഫുഡുകളും കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും മധുര പലഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് മുമ്പുള്ള മണിക്കൂറുകളിൽ കഫീനും അമിതമായ പഞ്ചസാരയും കഴിക്കുന്നത് ഒഴിവാക്കണം. പകരം പഴങ്ങൾ, സാലഡ്, സൂപ്പ് പോലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *