Your Image Description Your Image Description
Your Image Alt Text

ഭാരത് ന്യായ് യാത്ര നിറുത്തിവച്ചിട്ട് വയനാടിന്റെ നായകൻ രാഹുൽഗാന്ധി ഇന്ന് രാത്രിയോടെ വയനാട്ടിലെത്തും . ഉത്തർപ്രദേശിൽ പ്രവേശിച്ച ഭാരത് ന്യായ് യാത്ര താൽക്കാലികമായി നിർത്തിവചിട്ടാണ് രാഹുൽ ഗാന്ധി കേരളത്തിലേക്ക് പറക്കുന്നത് .

സ്വന്തം മണ്ഡലമായ വയനാട്ടിൽ ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും ജനനായകൻ രാഹുൽ ഗാന്ധി എവിടെയെന്നാണ് ചോദ്യമുയരുന്നത് . രാഹുൽ വരുന്നകാര്യം കോൺഗ്രസ് മാദ്ധ്യമവിഭാഗം മേധാവി ജയറാം രമേശാണ് അറിയിച്ചത്.

വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം അവിടെ വേണമെന്ന ആവശ്യം കണക്കിലെടുത്താണ് വരുന്നത് . നിലവിൽ ഭാരത് ന്യായ് യാത്ര യു പിയിലെ വാരണസിയിൽ എത്തി നിൽക്കുകയാണ്.

രാഹുൽ മടങ്ങിയെത്തിയതിന് ശേഷം മാത്രമേ യാത്ര പുനരാരംഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് യാത്ര യുപിയിൽ പ്രവേശിച്ചത്. ഇന്ന് വാരണസയിൽ പദയാത്ര ആരംഭിച്ചതിന് പിന്നാലെ രാഹുൽ ക്ഷേത്ര ദർശനം അടക്കമുള്ളവ നടത്തിയിരുന്നു.

കാട്ടാന ആക്രമണത്തിൽ വാച്ചർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഈ സമയത്ത് രാഹുൽ ഗാന്ധിയുടെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എംപി കൂടിയായ രാഹുൽ വയനാട്ടിലേക്കെത്തുന്നത്.

വയനാട്ടിലെ ജനങ്ങളുടെ വികാരം അവിടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിയെ നേരത്തെ അറിയിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം സംഘർഷത്തിലേയ്ക്ക് കടന്നതോടെയാണ് പുൽപ്പള്ളിയിൽ നാളെവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത് .

മരിച്ച പോളിന്റെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം നൽകും. കുടുംബത്തിന് പണം ഇന്നുതന്നെ കൈമാറുമെന്ന് എഡിഎം ദേവകി അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങിയാണ് മുഴുവൻ തുകയും ഉടൻ തന്നെ നൽകാൻ ധാരണയായത്. തുടക്കത്തിൽ അഞ്ചുലക്ഷം നൽകാനായിരുന്നു നീക്കം. പോളിന്റെ മകളുടെ പഠനം സർക്കാർ ഏറ്റെടുക്കും. ഭാര്യയ്ക്ക് താത്‌കാലിക ജോലി നൽകാനും തീരുമാനമായി.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി മരണങ്ങളുണ്ടാകുന്ന സാഹചര്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്ന് വി ഡി സതീശൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സ്ഥിതിഗതികൾ കൈവിട്ട് പോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും സതീശൻ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വലിയ സംഘർഷമാണ് പുൽപ്പള്ളിയിലുണ്ടായത്.

ജനങ്ങൾക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രതിഷേധക്കാർ കുപ്പിയും കല്ലും കസേരയും വലിച്ചെറിഞ്ഞു. എംഎൽഎമാർക്ക് നേരെ വെള്ളം നിറച്ച കുപ്പിയും എറിഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാർ ഗോ ബാക്ക് വിളികളും നടത്തി.

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുൻനിരയിൽ നിന്നാണ് പ്രതിഷേധിക്കുന്നത്. പുൽപ്പള്ളി ബസ്‌സ്റ്റാൻഡിലാണ് മൃതദേഹവുമായി ജനങ്ങൾ പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *