Your Image Description Your Image Description
Your Image Alt Text

പരമ്പരാഗത പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്ത് സോഷ്യൽ മീഡിയയിലൂടെയും ലോക്സഭാ തിരഞ്ഞെടുപ്പ് പോര് കനപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. ന്യൂജെൻ വോട്ടർമാരെ അടക്കം പാട്ടിലാക്കാൻ ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പ്രത്യേക ക്യാമ്പയിൻ നടത്തും.

വാട്സാപ്പിലൂടെയും സന്ദേശങ്ങൾ കൈമാറും. എതിരാളികളുടെ ആരോപണങ്ങളെ വസ്തുതകളും കണക്കും നിരത്തി പ്രതിരോധിക്കും. പ്രചാരണം കൊഴുപ്പിക്കാൻ പ്രൊഫഷണൽ ടീമുകളുടെ സഹായവും തേടും. പടയൊരുക്കത്തിൽ സംസ്ഥാനത്ത് സിപിഎമ്മാണ് മുന്നിൽ . തൊട്ടടുത്ത് ബിജെപിയുമുണ്ട് .

സിപിഎം ബൂത്തുകളിൽ സോഷ്യൽ മീഡിയ കൺവീനറെ നിയോഗിച്ചു. നിയോജക മണ്ഡലങ്ങളിലും ലോക്‌സഭാ മണ്ഡലത്തിലും സൈബർ ടീമും സജ്ജമാക്കി. ബിജെപിയ്ക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിങ്ങനെ നാല് സോണുകളാക്കി പ്രത്യേക സൈബർ ടീമുമുണ്ട്.

ഇവർ സ്റ്റേറ്റ് ടീം തയ്യാറാക്കുന്ന കണ്ടന്റുകൾ പാർട്ടി ഗ്രൂപ്പുകളിലേക്ക് കൈമാറി പ്രചാരണം ഉറപ്പാക്കും. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും. സിപിഎം ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഏറെ മുന്നിലാണ് .

സിപിഎം നിലവിലുള്ള സൈബർ പോരാളികളുടെ മൂർച്ചകൂട്ടും. എല്ലാ ബൂത്തിലും ഒരുപ്രവർത്തകനെങ്കിലും ഐടി പരിശീലനം ഉറപ്പാക്കും. യുവജന, പ്രവാസി സംഘടനകളാവും സോഷ്യൽമീഡിയ പ്രചാരണത്തിന്റെ നെടുംതൂൺ.

ഓരോ പ്രദേശത്തേയും പ്രധാന വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവപ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കും. സർക്കാരിനും പാർട്ടിക്കുമെതിരായ വിമർശനങ്ങളെ പ്രതിരോധിക്കും. സ‌ർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടും.

കോൺഗ്രസ് കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന് കീഴിൽ 25 പേരടങ്ങുന്ന സ്റ്റേറ്റ് ടീമിനെ സജ്ജമാക്കി. ഓരോ വാർഡിലും മൂന്നുപേ‌രെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ജില്ലാ, നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സോഷ്യൽ മീഡിയ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ലോക്‌സഭ മണ്ഡലത്തിലും രൂപീകരിക്കും.

പാർട്ടിയുടെ റിസർച്ച് ആന്റ് പോളിസി വിഭാഗവുമായി സഹകരിച്ച് മികച്ച കണ്ടന്റുകൾ തയ്യാറാക്കും. സിറ്റിംഗ് എംപിമാ‌ർക്കെതിരായ നെഗറ്റീവ് ക്യാമ്പയിനുകളെ വസ്തുതകൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടും.

ഏതായാലും സോഷ്യൽ മീഡിയ വാർ റൂമുകൾ മൂന്ന് മുന്നണികളും ഒരുക്കി കഴിഞ്ഞു . ഇനി യുദ്ധം സൈബർ ഇടങ്ങളിലാണ് . പകരത്തിനു പകരം , കൊണ്ടും കൊടുത്തും മുന്നേറാനുള്ള തന്ത്രങ്ങളാണ് പിന്നണിയിൽ ഒരുങ്ങുന്നത് .

Leave a Reply

Your email address will not be published. Required fields are marked *