Your Image Description Your Image Description
Your Image Alt Text

ഏറെ ഗുണപ്രദമായ ആഹാരശീലങ്ങളിലൊന്നാണ് സസ്യാഹാരം. എന്നാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ മാംസവും മുട്ടയും മത്സ്യവുമൊന്നും കഴിക്കാത്തവരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് വിറ്റാമിൻ ബി 12ന്‍റെ കുറവ്. ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന പങ്കുവഹിക്കുന്നു.

തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. വിറ്റാമിൻ ബി 12 അഭാവം കുട്ടികളില്‍ ഓര്‍മ്മക്കുറവിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ വിറ്റാമിൻ ബി 12-ന്‍റെ കുറവ് മൂലം വിളര്‍ച്ച, ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം. വിളറിയ ചര്‍മ്മം, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരില്‍ ഉണ്ടാകാം. അതുപോലെ എല്ലുകളുടെ ആരോഗ്യം മോശമാകാനും ഹൃദയത്തിന്‍റെ ആരോഗ്യം മോശമാകാനും മാനസികാരോഗ്യത്തെയും ഇത് മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *