Your Image Description Your Image Description
Your Image Alt Text

ചെറുപ്പം കാത്തുസൂക്ഷിക്കാമെന്ന് പറയുമ്പോള്‍ അതിനോട് താല്‍പര്യമില്ലാത്തവരായി ആരുണ്ട്! പ്രായമാകുന്നതിന് അനുസരിച്ച് അത് നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കും. പ്രത്യേകിച്ച് ചര്‍മ്മത്തില്‍. ചര്‍മ്മത്തില്‍ ചുളിവുകള്‍, വര, പാട് എല്ലാം വരുമ്പോഴാണ് കാര്യമായും പ്രായമായതായിട്ടുള്ള തോന്നലുണ്ടാവുക.

നമ്മുടെ ജീവിതരീതികള്‍ ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതായത് നമ്മള്‍ എന്ത് കഴിക്കുന്നു, നമ്മുടെ ഉറക്കം, മാനസികാവസ്ഥകള്‍, കായികാധ്വാനം, ജോലി, ബന്ധങ്ങള്‍ എല്ലാം പ്രായം തോന്നിക്കുന്നതിനോ, ചെറുപ്പമായി തോന്നിക്കുന്നതിനോ എല്ലാം കാരണമായി വരാം.

ഭക്ഷണത്തില്‍ വലിയ പ്രാധാന്യം തന്നെയാണെന്ന് പറയാം. ചില ഭക്ഷണങ്ങള്‍ നമുക്ക് ഗുണകരാകുമ്പോള്‍ ചിലത് നമുക്ക് തിരിച്ചടിയാകുന്നു. ഇത്തരത്തില്‍, ചെറുപ്പം കാത്തുസൂക്ഷിക്കാനായി ഡയറ്റില്‍ നിന്ന് പരമാവധി അകറ്റിനിര്‍ത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

മധുരമടങ്ങിയ വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവയാണ് മാറ്റിനിര്‍ത്തേണ്ട ഒരു വിഭാഗം ഭക്ഷണം. ഇതില്‍ ചോക്ലേറ്റും, കേക്കുകളും, ബേക്കറി പലഹാരങ്ങളും മറ്റ് സ്നാക്സും ഡിസേര്‍ട്ടുകളുമെല്ലാം ഉള്‍പ്പെടും. പൊതുവില്‍ മധുരം നിയന്ത്രിക്കുക. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളെ അധികവും ആശ്രയിക്കുക. കൃത്രിമമധുരം അടങ്ങിയ ഉത്പന്നങ്ങള്‍ വേണ്ടെന്ന് വയ്ക്കുക. കാരണം ഇവയെല്ലാം ചര്‍മ്മത്തെ ബാധിക്കും. ചര്‍മ്മം വലിഞ്ഞുതൂങ്ങുക, ചുളിവുകള്‍ വീഴുക എന്നിവയാണ് ഇവയുണ്ടാക്കുന്ന പ്രശ്നങ്ങള്‍.

രണ്ട്…

മദ്യവും വലിയ രീതിയില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകും. പതിവായ മദ്യപാനം നിര്‍ജലീകരണത്തിലേക്ക് (ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥ) നയിക്കുന്നു ഇത് സ്കിൻ ഡ്രൈ ആകാനും ചര്‍മ്മത്തില്‍ വരകളും ചുളിവുകളും വീഴുന്നതിനുമെല്ലാം ക്രമേണ കാരണമാകുന്നു.

മൂന്ന്…

പ്രോസസ്ഡ് മീറ്റുകളാണ് ഒഴിവാക്കേണ്ട മറ്റൊന്ന്. അതായത് ഫ്രഷ് ആയ മീറ്റ് അല്ലാതെ കേടാകാതിരിക്കാൻ പ്രോസസ് ചെയ്തുവരുന്ന ഇറച്ചി. സോസേജ്, ഹോട്ട് ഡോഗ്, ബേക്കണ്‍ എല്ലാം ഇതിലുള്‍പ്പെടും. ഇത് ആകെ ആരോഗ്യത്തിന് മോശമാണ്. പ്രായം കൂടുതല്‍ തോന്നിക്കുന്നതിലേക്കും നയിക്കും. മാത്രമല്ല ഉയര്‍ന്ന അളവിലാണ് ഈ വിഭവങ്ങള്‍ വഴി നമ്മുടെ ശരീരത്തിലേക്ക് സോഡിയം എത്തുന്നത്. അതും ഏറെ ദോഷം തന്നെ.

നാല്…

ഫാസ്റ്റ് ഫുഡ്സും പതിവാക്കിയാല്‍ പ്രായമായതായി തോന്നിക്കുന്ന രീതിയിലേക്ക് ശരീരം മാറും. ബര്‍ഗര്‍, പിസ പോലുള്ള വിഭവങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നു. ഇവയിലുള്ള അധികമായ കൊഴുപ്പ് ആണ് പ്രശ്നമാകുന്നത്. ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്നു എന്നതും ദോഷകരമാണ്. ചര്‍മ്മത്തെ തന്നെയാണ് ഈ ഭക്ഷണങ്ങളും ഏറെ ബാധിക്കുന്നത്.

അഞ്ച്…

പാക്കറ്റില്‍ വരുന്ന ചിപ്സ് ഐറ്റംസ്, പ്രത്യേകിച്ച് പൊട്ടാറ്റോ ചിപ്സ് പതിവായി കഴിക്കുന്നതും സ്കിൻ മോശമാക്കാനേ കാരണമാകൂ. കഴിയുന്നതും ഹോംലിയായ സ്നാക്സ് തന്നെ ശീലമാക്കാം. ഇവയെല്ലാം ഉയര്‍ന്ന അളവില്‍ സോഡിയവും ശരീരത്തിലെത്തിക്കുന്നുണ്ട്. ഇതെല്ലാം മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഒപ്പം സൃഷ്ടിക്കും

Leave a Reply

Your email address will not be published. Required fields are marked *