Your Image Description Your Image Description
Your Image Alt Text

ആരോഗ്യമുള്ള ഏതൊരാളിനെ സംബന്ധിച്ചും ദിവസവും വ്യായാമം ചെയ്യേണ്ടത് സത്യത്തില്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനങ്ങള്‍ ആയാലും മതി. ശാരീരികമായി ഒന്നും ചെയ്യാതെ ഒരു ദിനം കടന്നുപോകുന്നത് വളരെ ദോഷകരമാണ്.

എന്നുവച്ചാല്‍ ദിവസവും ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ട് ചെയ്യണമെന്നല്ല. അവരവര്‍ക്ക് യോജിക്കും വിധത്തിലുള്ള- പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം ആയാല്‍ മതി. ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാവുന്നൊരു വ്യായാമമാണ് നടത്തം.

ദിവസവും നടക്കുന്ന ശീലമുള്ളവരില്‍ ഇതിന്‍റെ ഭാഗമായി തന്നെ പല മെച്ചവും ആരോഗ്യപരമായി കാണാം. എന്നാല്‍ പലര്‍ക്കും അറിയാത്ത, നടപ്പിന്‍റെ മറ്റൊരു പ്രയോജനത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, നടത്തം മാനസികാരോഗ്യത്തെ എങ്ങനെയെല്ലാം മെച്ചപ്പെടുത്തുന്നു എന്നതിനെ കുറിച്ചാണ് പറയുന്നത്.

ഒന്നാമതായി ദിവസവും നടക്കുന്നത് നമ്മുടെ ഉറക്കം നല്ലരീതിയില്‍ മെച്ചപ്പെടുത്തും. പ്രത്യേകിച്ച് ഉറക്കമില്ലായ്മയോ, ഉറക്കപ്രശ്നങ്ങളോ നേരിടുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ഉറക്കം ശരിയാകുമ്പോള്‍ തന്നെ നമ്മുടെ മാനസികാവസ്ഥ വളരെയധികം നന്നായി വരും.

സ്ട്രെസ് അകറ്റാനും നടത്തം ഏറെ ഉപകരിക്കും. സ്ട്രെസ് നമുക്കറിയാം ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാറുണ്ട്. സ്ട്രെസ് അകറ്റാനും പ്രയാസമാണ്. എന്നാല്‍ നടത്തം ഇതിന് ഒരുപാട് സഹായിക്കുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

മൂഡ് പ്രശ്നങ്ങളുള്ളവര്‍ക്കാണെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനും നടത്തം പ്രയോജനപ്പെടും. ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കാനും വിഷാദം നേരിടുന്നവര്‍ക്ക് ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ അകറ്റുന്നതിനുമെല്ലാം നടത്തം സഹായിക്കുന്നു. ഇത്രയും മാനസികാരോഗ്യ ഗുണങ്ങള്‍ നടത്തത്തിനുണ്ട് എന്നത് പലരും തിരിച്ചറിയുന്നില്ലെന്ന് മാത്രം.

നടക്കുന്നതായാലും മറ്റ് ഏത് വ്യായാമമായാലും പക്ഷേ സന്തോഷപൂര്‍വം ആയിരിക്കണം ചെയ്യുന്നത്. സമ്മര്‍ദ്ദത്തില്‍ ഇത് ചെയ്യാൻ പോയാല്‍ ഗുണത്തിന് പകരം അത് ദോഷമായി വരാം. അതിനാല്‍ നടത്തവും ‘ഈസി’യായി എടുക്കാം. പ്രത്യേകിച്ച് തുടക്കക്കാര്‍.

Also Read:- ഇടയ്ക്കിടെ പല്ലുവേദനയുണ്ടായിട്ടും

Leave a Reply

Your email address will not be published. Required fields are marked *