Your Image Description Your Image Description
Your Image Alt Text

കുട്ടികളെ ബാധിക്കുന്ന പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും മുതിര്‍ന്നവര്‍ക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. പ്രത്യേകിച്ച് പത്ത് വയസിന് താഴെയുള്ള കുട്ടികള്‍. കാരണം അവര്‍ക്ക് അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ കൃത്യമായി നമ്മളെ ധരിപ്പിക്കാൻ സാധിക്കണമെന്നില്ല. ഈയൊരു പിഴവിലൂടെ പലപ്പോഴും കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്താൻ വൈകുന്നത് പതിവുമാണ്.

അധികമായി കുട്ടികളില്‍ കാണപ്പെടുന്നൊരു പ്രശ്നമാണ് വിരശല്യം. ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കുട്ടികള്‍ക്കിടയില്‍ വിരശല്യം അപൂര്‍വമല്ല. സമയബന്ധിതമായി ഇത് കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം.

എന്നാല്‍ നേരത്തേ സൂചിപ്പിച്ചത് പോലെ പലപ്പോഴും മാതാപിതാക്കള്‍ക്കോ വീട്ടിലെ മുതിര്‍ന്നവര്‍ക്കോ കുട്ടികളിലെ വിരശല്യം പെട്ടെന്ന് മനസിലാക്കാൻ സാധിക്കാറില്ല. ഇതിന്‍റെ ലക്ഷണങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗം തിരിച്ചറിയാതിരിക്കാനുള്ള കാരണം.

വിരശല്യം മനസിലാക്കാൻ..
കുട്ടികളിലെ വിരശല്യം മനസിലാക്കാൻ അതിന്‍റെ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പൃഷ്ടഭാഗത്ത് ചൊറിച്ചില്‍, ചുവപ്പുനിറം എന്നിവയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് വിരശല്യത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇതോടൊപ്പം തന്നെ കുട്ടിയില്‍ വിശപ്പില്ലായ്മ ഉണ്ടോ എന്നും നിരീക്ഷിക്കണം. ഭക്ഷണം കഴിച്ചതിന് ശേഷം വയര്‍ വല്ലാതെ വീര്‍ത്തുകെട്ടി വരുന്നതും നോക്കാവുന്നതാണ്. കാരണം ദഹനമില്ലായ്മയും, ഗ്യാസും എല്ലാം വിരശല്യത്തിന്‍റെ ലക്ഷണമായി കാണുന്നതാണ്.

എപ്പോഴും കുട്ടിയില്‍ വായ്നാറ്റമുണ്ടെങ്കിലും , കൂടെക്കൂടെ വയറിളക്കവും തളര്‍ച്ചയും, അല്ലെങ്കില്‍ ഛര്‍ദ്ദിയും പിടിപെടുന്നുണ്ടെങ്കിലും ഡോക്ടറുടെ അടുത്ത് കൊണ്ടുപോവുക. പ്രശ്നക്കാരൻ വിരയാകാം. കുട്ടികള്‍ വയറുവേദനിക്കുന്നുവെന്ന് പറയുന്നതും നിസാരമാക്കരുത്. വിരശല്യമുണ്ടെങ്കില്‍ വയറുവേദനയും വരാം.

ഇനി വിരശല്യം തന്നെ അല്‍പം പഴകിയെന്ന് വയ്ക്കുക. ഇത് കുട്ടികളില്‍ വണ്ണം വയ്ക്കാത്ത അവസ്ഥ, ഡ്രൈ ഐസ് (കണ്ണുകള്‍ നീരില്ലാതെ വരണ്ടുപോവുക)- ഇത് വൈറ്റമിൻ എ വല്ലാതെ കുറയുന്നത് മൂലമാണ് സംഭവിക്കുന്നത്, വിളര്‍ച്ചയുടെ ലക്ഷണങ്ങളായ അസ്വസ്ഥത- തളര്‍ച്ച, പോഷകക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കാണാം. പെണ്‍കുട്ടികളിലാണെങ്കില്‍ വിരശല്യം വല്ലാതെ ആയാല്‍ യോനിയില്‍ നിന്ന് ഡിസ്ചാര്‍ജ് വരാം. യോനിയുടെ അകത്തേക്കായി ചൊറിച്ചിലും അനുഭവപ്പെടാം. ഇക്കാര്യങ്ങളും ശ്രദ്ധിക്കാവുന്നതാണ്.

പ്രതിരോധിക്കാൻ…

കുട്ടികളിലെ വിരശല്യം ഒഴിവാക്കാൻ കുട്ടി ജീവിക്കുന്ന അന്തരീക്ഷം ശുചിത്വമുള്ളതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശരീരം ശുചിയായി സൂക്ഷിക്കുന്നതിന് പുറമെ കുട്ടി പെരുമാറുന്ന മറ്റിടങ്ങള്‍, കുട്ടിയുടെ ഭക്ഷണം, വസ്ത്രം എല്ലാം വൃത്തിയായിരിക്കണം. ഭക്ഷണം കഴുകി വൃത്തിയാക്കിയും നന്നായി പാകം ചെയ്തുമേ കൊടുക്കാവൂ. വെള്ളവും വൃത്തിയുള്ളതായിരിക്കണം. തിളപ്പിച്ച് ആറ്റിയ വെള്ളം വൃത്തിയായി സൂക്ഷിച്ച് കൊടുക്കണം. കുട്ടികളുടെ കുപ്പികളും പാത്രങ്ങളും സ്പൂണുകളുമെല്ലാം നന്നായി വൃത്തിയാക്കി ദിവസവും അണുവിമുക്തമാക്കുന്നത് വളരെ നല്ലതാണ്. കുട്ടികളെ സുചിത്വത്തിന്‍റെ പ്രാധാന്യം മനസിലാക്കി കൊടുക്കുകയും വേണം. സ്നേഹപൂര്‍വം അവരെ ഇതെല്ലാം പഠിപ്പിച്ച് കൊടുക്കണം. എങ്കിലേ സ്കൂളിലോ മറ്റ് സ്ഥലങ്ങളിലോ പോയാലും അവര്‍ ശുചിയായിരിക്കൂ

Leave a Reply

Your email address will not be published. Required fields are marked *