Your Image Description Your Image Description
Your Image Alt Text

കൊച്ചി: സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി ഓങ്കോളജി സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്ന് പ്രിസിഷന്‍ മെഡിസിൻ ഓങ്കോളജിയെ കുറിച്ചുള്ള ശില്‍പശാല സംഘടിപ്പിച്ചു. കുസാറ്റ്-കാര്‍ക്കിനോസ് ഹെൽത്ത്കെയർ കൊളോക്വിയം സീരീസിന്‍റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.പി.ജി.ശങ്കരൻ ശില്പശാല ഉദ്ഘാടനം ചെയ്തു.

 

ജീനോമിക് സാങ്കേതിക വിദ്യയുടെ വിവിധ സാദ്ധ്യതകളെ പ്രിസിസഷൻ ഓങ്കോളജി വഴി കാൻസർ രോഗികള്‍ക്ക് എങ്ങനെ ഏറ്റവും ഉപകാരപ്രദമാക്കാം എന്നതിനെകുറിച്ചായിരുന്നു ശില്പശാല. മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ സെന്‍ററിലെ ക്ലിനിക്കല്‍ റിസര്‍ച്ച് ഡയറക്ടറും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്ക്കൂളിലെ പ്രൊഫസര്‍ ഓഫ് മെഡിസിനുമായ ഡോ. കീത്ത് ഫ്ളാഹെര്‍ട്ടി, കാര്‍ക്കിനോസ് ഹെല്‍ത്ത്കെയര്‍ കേരളാ ഓപ്പറേഷന്‍സ് സിഇഒയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് എന്നിവർ ശില്പശാല നയിച്ചു. യുകെയിലെ ബിറ്റ്.ബയോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റാമി ഇബ്രാഹിം, കുസാറ്റ് ബയോടെക്നോളജി വിഭാഗം പ്രൊഫസർ ഡോ.സരിത ഭട്ട് എന്നിവരും ശില്പശാലയിൽ സംസാരിച്ചു. കാർക്കിനോസ് ബയോ ബാങ്ക് മേധാവി ഡോ. സിന്ധു ഗോവിന്ദൻ, കുസാറ്റ് അസി. പ്രൊഫ. ഡോ. അജിത് വേങ്ങല്ലൂർ എന്നിവരായിരുന്നു ശില്പശാലയുടെ കണ്‍വീനർമാർ.

 

ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുരോഗതികൾ വികസിച്ചുവരുന്നതിനൊപ്പം കാൻസർ ചികിത്സ രംഗത്തും അടിസ്ഥാനപരമായ മാറ്റമാണ് നടക്കുന്നതെന്ന് ഡോ. കീത്ത് ഫ്ളാഹെര്‍ട്ടി പറഞ്ഞു. ജനറ്റിക് മാർക്കറുകളിലോ മ്യൂട്ടേഷനുകളിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാൻസർ ചികിത്സയോടുള്ള ആധുനിക സമീപനം പ്രിസിഷന്‍ മെഡിസിൻ എന്ന ആശയത്തിലൂടെ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിക്കുന്നത്. പ്രിസിഷൻ മെഡിസിൻ എന്നതിൽ ഓരോ കാൻസർ രോഗിയേയും സമഗ്രമായി മനസിലാക്കി, ഓരോരുത്തർക്കും പ്രത്യേകമായി രൂപകൽപ്പന ചെയ്ത വ്യക്തിഗത ചികിത്സകളാണ് ലഭ്യമാക്കുന്നത്. എല്ലാത്തിനും ഒരേ ചികിത്സ നൽകുന്ന മുൻകാല സമീപനത്തിൽ നിന്ന് വ്യത്യസ്തമായി, രോഗിയുടെ രോഗപ്രതിരോധ ശേഷി, ജീവിതശൈലി, ആന്തരികപരിസ്ഥിതി, ട്യൂമർ സവിശേഷതകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കണക്കിലെടുത്തുള്ള സമീപനമാണ് പ്രിസിഷൻ മെഡിസിനിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

കാന്‍സര്‍ ചികില്‍സാ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായതാണ് പ്രിസിഷന്‍ മെഡിസിൻ ഓങ്കോളജിയെന്ന് ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് പറഞ്ഞു. രോഗികളുടെ നില മെച്ചപ്പെടുത്തുകയും ചികില്‍സയുടെ പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ടാർഗെറ്റഡ് കീമോതെറാപ്പി പോലുള്ള ആധുനീക ചികിത്സാ രീതികളാണ് പ്രിസിഷന്‍ ഓങ്കോളജി പ്രയോജനപ്പെടുത്തുന്നത്. കാന്‍സര്‍ സെല്ലിലെ മ്യൂട്ടേഷനുകളോ അസ്വാഭാവികതകളോ കണ്ടെത്തി ഫലപ്രദമായ ചികില്‍സാ രീതികള്‍ വഴി അവയെ ലക്ഷ്യമിട്ട്കൊണ്ട് രോഗിയുടെ ട്യൂമറിന്‍റെ പ്രത്യേക ജനിതക ഘടനയിലുള്ള മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് ക്രമീകരിക്കുന്നതെന്നും ഡോ. മോനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *