Your Image Description Your Image Description
Your Image Alt Text

ഷിംല: വാഹനം അപകടത്തിൽപ്പെട്ട് 9 ദിവസത്തിന് ശേഷം തമിഴ് സംവിധായകന്റെ മൃതദേഹം കണ്ടെത്തി. തമിഴ് സിനിമാ സംവിധായകനും മുൻ ചെന്നൈ മേയറുടെ മകനുമായ വെട്രി ദുരൈസാമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ സത്ലജ് നദിയിലേക്ക് വെട്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ വീഴുകയായിരുന്നു. ദേശീയ പാത 5ൽ ലാഹോൾ സ്പിതിയ്ക്ക് സമീപത്തായി കാശാംഗ് നാലയ്ക്ക് സമീപത്ത് വച്ച് ഫെബ്രുവരി നാലിനാണ് അപകടമുണ്ടായത്.

ഷിംലയിൽ നിന്ന് സ്പിതിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. വാഹനം നദിയിലേക്ക് വീണതിന് പിന്നാലെ വെട്രിയുടെ സഹയാത്രികനായ ഗോപിനാഥിനെ രക്ഷിക്കാൻ സാധിച്ചിരുന്നു. എന്നാൽ കാർ ഡ്രൈവറായ ടെൻസിനെ മരിച്ച നിലയിലാണ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ 45കാനായ വെട്രിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മകനെ കണ്ടെത്തുകയോ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 1 കോടി രൂപ പ്രതിഫലം നൽകുമെന്ന് ചെന്നൈ മുൻ മേയറായ സായ്ദായ് ദുരൈസാമി വിശദമാക്കിയിരുന്നു.

വെട്രിക്കായി തെരച്ചിൽ നടത്തിയ സംഘം നദീ തീരത്ത് തലച്ചോറിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയത് ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണം സേന, സംസ്ഥാന ദുരന്ത നിവാരണ സേന അടക്കമുള്ള സംയുക്ത സംഘമാണ് വെട്രിയ്ക്കായി സത്ലജ് നദിയിൽ തെരച്ചിൽ നടത്തിയത്. തിങ്കളാഴ്ചയോടെയാണ് അപകടം നടന്നതിന് 3 കിലോമീറ്റർ അകലെയായി വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ദിരാ ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *