Your Image Description Your Image Description
Your Image Alt Text

നാം എന്തെല്ലാം ഭക്ഷണമാണ് കഴിക്കുന്നത്, അവ തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ മോശം ഡയറ്റ്, അഥവാ ഭക്ഷണരീതി പല തരത്തിലും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതുപോലെ തിരിച്ച് നല്ല ഡയറ്റാണെങ്കില്‍ അത് പോസിറ്റീവായ രീതിയിലും സ്വാധീനിക്കാം.

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം ഇങ്ങനെ ഭക്ഷണത്തിലെ പോരായ്ക മൂലം സംഭവിക്കുന്നതാകാറുണ്ട്. ഭക്ഷണത്തില്‍ കാര്യമായ കരുതലെടുക്കേണ്ടത് എത്ര പ്രധാനമാണെന്നതിന് ഇനി വിശദീകരണം വേണ്ടല്ലോ.

ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ‘ബാലൻസ്ഡ്’ ആയൊരു ഡയറ്റാണ് നാം പിന്തുടരേണ്ടത്. പക്ഷേ, ഇവിടെയിപ്പോള്‍ നമുക്ക് ഉന്മേഷം പകരാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്…
വളരെ പെട്ടെന്ന് നമ്മളില്‍ പോസിറ്റീവായ മാറ്റം വരുത്തുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി6, ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതുപോലെ വൈറ്റമിൻ ബി6 കാര്‍ബോഹൈഡ്രേറ്റിനെ ദഹിപ്പിച്ച് ഊ്‍ജ്ജമുണ്ടാക്കാനും പരിശ്രമിക്കുന്നു. ഇതിന് പുറമെ നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യവും ഊര്‍ജ്ജോത്പാദനത്തിന് ഏറെ സഹായപ്രദമാണ്.

രണ്ട്…

നമുക്ക് ഉന്മേഷം പകരുന്ന മറ്റൊരു ഭക്ഷണം ക്വിനോവയാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും കാര്‍ബോഹൈഡ്രേറ്റും വളരെ സമയമെടുത്താണ് ദഹിക്കുക. അത്രയും ദീര്‍ഘമായ സമയം ശരീരത്തിന് ഇത് ഊര്‍ജ്ജം നല്‍കാൻ ഉപകാരപ്പെടുന്നു.

മൂന്ന്…

കട്ടത്തൈരും ഇതുപോലെ നമുക്ക് ‘എനര്‍ജി’ പകരുന്നൊരു ഭക്ഷണമാണ്. ദഹനം എളുപ്പത്തിലാക്കാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം കട്ടത്തൈര് ഏറെ സഹായിക്കാറുണ്ട്. ഇതിനൊപ്പം നമുക്ക് ഉന്മേഷം പകരാൻ കൂടി കട്ടത്തൈര് സഹായിക്കുന്നു.

നാല്…

കസ്കസ് കഴിക്കുന്നതും ഉന്മേഷം കൂട്ടാൻ നല്ലതാണ്. സത്യത്തില്‍ കസ് കസിന്‍റെ ഈ ഗുണങ്ങളെ പറ്റി മിക്കവര്‍ക്കും അറിവില്ല. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബാണ് കസ്കസിനെ ഇത്രമാത്രം ഗുണകരമാക്കുന്നത്.

അഞ്ച്…

സ്റ്റീല്‍-കട്ട് ഓട്ട്സും ഇത്തരത്തില്‍ ഉന്മേഷം പകര്‍ന്നുതരുന്നൊരു വിഭവമാണ്. ഇതിലുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും ഡയറ്ററി ഫൈബറും ആണ് ഇതിനായി സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *