Your Image Description Your Image Description
Your Image Alt Text

സ്ഥിരമായി പാചകം ചെയ്യുന്നവരാണെങ്കില്‍ അവരുടെ കൈകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് സത്യം തന്നെയാണ്. കാരണം സ്ഥിരമായി പാചകം ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും കൈകളില്‍ അതിന്‍റെ പാടുകളോ, നിറവ്യത്യാസമോ എല്ലാം കാണാം. പലര്‍ക്കും പക്ഷേ ഇത് ദേഷ്യമാണ്. എന്നാലോ എങ്ങനെയാണ് കൈകള്‍ സംരക്ഷിക്കേണ്ടത് എന്നും അറിയില്ല.

കൈകളില്‍ കറ പിടിപ്പിക്കുന്ന ഭക്ഷണസാധനങ്ങളുണ്ട്. പ്രത്യേകിച്ച് ചില പച്ചക്കറികളാണ് ഇങ്ങനെ കൈകളില്‍ കറ പിടിപ്പിക്കാറ്. ഇവ കൈകാര്യം ചെയ്യുന്നത് വഴി തന്നെയാണ് അധികവും പാചകം കഴിയുമ്പോള്‍ കൈകളില്‍ കറ പറ്റുക.

ബീറ്റ്റൂട്ട്, കൂര്‍ക്ക എന്നിങ്ങനെയുള്ള പച്ചക്കറികള്‍ ഉദാഹരണമായെടുക്കാം. വെള്ളത്തിലോ സോപ്പിലോ എത്ര കഴുകിയാലും ഇവയുടെയൊന്നും കറ കൈകളില്‍ നിന്ന് വിട്ടുപോകുകയേ ഇല്ല. കയ്യുറ ധരിച്ച് പച്ചക്കറി നന്നാക്കുകയാണെങ്കില്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. എന്നാല്‍ പലര്‍ക്കും കയ്യുറയ ധരിച്ചാല്‍ പണികള്‍ പെട്ടെന്ന് തീര്‍ക്കാൻ സാധിക്കില്ല. അതിനാല്‍ കയ്യുറ ധരിക്കില്ല. അപ്പോള്‍പ്പിന്നെ കറ തീര്‍ച്ച.

ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ മൂലം കൈകളില്‍ കറ പറ്റിയാല്‍ അത് നമുക്ക് കളയാൻ സാധിക്കും. അതിനുള്ള ചില മാര്‍ഗങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…

ഒരു ചെറിയ ഉരുളക്കിഴങ്ങിന്‍റെ കഷ്ണം കൊണ്ട് കൈ വൃത്തിയാക്കാം. ആകെ ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് ഇത്തിരി ഉപ്പില്‍ മുക്കി കയ്യില്‍ നന്നായി തേക്കലാണ്. ഇത് റണ്ണിംഗ് വാട്ടറില്‍ ചെയ്താല്‍ കൈകള്‍ എളുപ്പത്തില്‍ വൃത്തിയാക്കിയെടുക്കാം.

രണ്ട്…

ഒരു ക്ലീനിംഗ് ഏജന്‍റ് എന്ന നിലയില്‍ അറിയപ്പെടുന്ന ചേരുവയാണ് ബേക്കിംഗ് സോഡ. ഇത് കൈകള്‍ വൃത്തിയാക്കാനും എടുക്കാവുന്നതാണ്. ഒരു വലിയ ബൗളില്‍ നിറയെ ഇളംചൂടുവെള്ളമെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ കലര്‍ത്തണം. ഇതില്‍ 5-7 മിനുറ്റ് വരെ കൈകള്‍ മുക്കിവയ്ക്കാം. ശേഷം വെറുതെ കഴുകിയാല്‍ മതിയാകും.

മൂന്ന്…

വെറുതെ ഉപ്പിട്ട് കഴുകിയാലും പല കറകളും നീങ്ങും. ഇത് പക്ഷേ പലര്‍ക്കും ചെയ്യാനിഷ്ടമുണ്ടാകില്ല. കാരണം ഉപ്പിന്‍റെ പരുക്കൻ സ്വഭാവം തന്നെ. അല്‍പം കയ്യിലെടുത്ത് ഉരച്ചുകഴുകുകയേ വേണ്ടൂ.

നാല്…

ചെറുനാരങ്ങയും കയ്യിലെ കറ നീക്കാൻ സഹായകമാണ്. പിഴിഞ്ഞ ചെറുനാരങ്ങാത്തൊണ്ട് കയ്യില്‍ നന്നായി ഉരച്ച് കഴുകുകയാണ് വേണ്ടത്. അതല്ലെങ്കില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ കൈകള്‍ മുക്കിവച്ച ശേഷം ഉരച്ചുകഴുകുന്നതും ആവാം.

അ‍ഞ്ച്…

ടൂത്ത്പേസ്റ്റും കയ്യിലെ കറ നീക്കാൻ സഹായിക്കാറുണ്ട്. അല്‍പം ടൂത്ത്പേസ്റ്റ് കയ്യിലെടുത്ത് നല്ലതുപോലെ ഉരച്ച് കഴുകുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *