Your Image Description Your Image Description

ദുബായിൽ പ്രധാന ഇടങ്ങളിലായി 762 ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾകൂടി നിർമിക്കുമെന്ന്​ പ്രഖ്യാപിച്ച്​ ദുബൈ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ). 2025ൽ മുഴുവൻ ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങളുടെയും നിർമാണം പൂർത്തീകരിക്കും​. ആകർഷകമായ ഡിസൈനോടുകൂടിയായിരിക്കും നിർമാണം. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയായിരിക്കും കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം.ഇത്​ ദുബൈയുടെ പരിഷ്കൃത സ്വഭാവം വിളിച്ചോതുന്നവയായിരിക്കും. കൂടാതെ, സുരക്ഷിതവും സുസ്ഥിരവുമായ നഗരജീവിതത്തിന്‍റെ ഒരു പ്രതിരൂപമായും ഇതിനെ അവതരിപ്പിക്കാനാണ്​ ആർ.ടി.എ തീരുമാനം. ചില കമ്പനികളുമായി ചേർന്ന്​ ​ പരീക്ഷണാടിസ്ഥാനത്തിൽ ​ത്രീഡി പ്രിന്‍റിങ്​ സാ​ങ്കേതികവിദ്യകളും നിർമാണത്തിന്​ ആർ.ടി.എ തേടുന്നുണ്ട്​​.

ദുബൈയിലെ പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആർ.ടി.എ തുടർന്നുവരുന്ന പ്രവൃത്തികളുടെ ഭാഗമായാണ്​ പുതിയ ​ബസ്​ കാത്തിരിപ്പുകേന്ദ്രങ്ങൾ എന്ന്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. വീൽചെയറുകളിലുള്ളവർ ഉൾപ്പെടെ നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക്​ എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്ന​ രീതിയിലുള്ള രൂപകൽപനയായിരിക്കും നിർമാണത്തിൽ ഉപയോഗിക്കുക. ദുബൈ നഗരത്തെ ഭിന്നശേഷിസൗഹൃദമാക്കാൻ ലക്ഷ്യമിട്ട്​ യു.എ.ഇ എക്സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘എന്‍റെ സമുദായം.. എല്ലായിടവും എല്ലാവർക്കും’ എന്ന സംരംഭത്തെ പിന്തുണക്കുന്നതാണ്​ ഈ തീരുമാനമെന്നും മതാർ അൽ തായർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *