Your Image Description Your Image Description
Your Image Alt Text

അഹമ്മ​ദാബാദ്: തിമിര ശസ്ത്രക്രിയക്ക് ശേഷം ഏഴ് രോ​ഗികൾക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. ഗുജറാത്തിലെ പാടൻ ജില്ലയിലെ ആശുപത്രിയിലാണ് സംഭവം. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ ഏഴ് രോഗികൾക്ക് ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടപ്പെട്ടതായി പരാതിയുയർന്നു. പരാതിയെ തുടർന്ന് അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അണുബാധ മൂലമായിരിക്കാം കാഴ്ച നഷ്ടപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഫെബ്രുവരി രണ്ടിന് രാധൻപൂർ നഗരത്തിലെ സർവോദയ കണ്ണാശുപത്രിയിൽ 13 രോഗികൾക്ക് ശസ്ത്രക്രിയ നടത്തി. കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിയെ തുടർന്ന് ഏഴ് രോഗികളിൽ അഞ്ച് പേരെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ എം ആൻഡ് ജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കും രണ്ട് പേരെ മെഹ്‌സാന ജില്ലയിലെ വിസ്‌നഗർ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായി സർവോദയ ഐ ഹോസ്പിറ്റൽ ട്രസ്റ്റി ഭാരതി വഖാരിയ പറഞ്ഞു.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അന്വേഷണത്തിന് സമിതിക്ക് രൂപം നൽകിയതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണിത്. ജനുവരി 10 ന്, അഹമ്മദാബാദ് ജില്ലയിലെ മണ്ഡൽ ഗ്രാമത്തിൽ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ 17 വൃദ്ധർക്ക് അണുബാധ മൂലം കാഴ്ച നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *