Your Image Description Your Image Description

ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 15 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ക്ഷയരോഗവിമുക്തരാക്കുന്നതിനുള്ള അക്ഷയജ്യോതി പരിപാടിക്ക് തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ ടി.ബി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ അഗളി, പുതൂര്‍, ഷോളയൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, മുതലമട പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി വഴി പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, എം.എല്‍.എസ്.പി, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശപ്രവര്‍ത്തകര്‍ എന്നിവര്‍ കുട്ടികളുടെ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും ഹോസ്റ്റലുകളിലും എത്തി വിവരശേഖരണം നടത്തി സംശയമുള്ളവരുടെ കഫം ശേഖരിച്ച് ഡോക്ടറുടെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കും.
അഗളി കില ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു.

ക്ഷയരോഗമുള്ള വ്യക്തികളെ പോഷകാഹാരം നല്‍കി പരിപാലിക്കുന്ന പദ്ധതിയായ നിക്ഷയ്മിത്രയുടെ ഭാഗമായുള്ള പോഷകാഹാര കിറ്റിന്റെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. വിദ്യ വിഷയാവതരണം നടത്തി.

പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സനോജ്, ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സാദിഖ് അലി, അട്ടപ്പാടി ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ സി.ആര്‍. ജയന്തി, മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയരാജന്‍, ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട്. ഡോ. എം.എസ്. പത്മനാഭന്‍, അട്ടപ്പാടി എം.ഒ.ടി.സി ഡോ. വി.എ. വൈശാഖ്, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സി. ഹരിദാസന്‍, അഗളി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോജോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *