Your Image Description Your Image Description
Your Image Alt Text

ബിപി, അഥവാ രക്തസമ്മര്‍ദ്ദം നമുക്ക് എത്രമാത്രം വെല്ലുവിളിയാണ് എന്ന് പറയാതെ തന്നെ ഏവര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ബിപിയുണ്ടെങ്കില്‍ അത് ക്രമേണ ഹൃദയത്തിനും ദോഷകരമാണ്. ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്) എന്നിങ്ങനെയുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് വരെ ബിപി നമ്മളെ ക്രമേണ എത്തിക്കും.

ബിപി, ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുന്ന എത്രയോ കേസുകളാണ് ദിവസവും ആശുപത്രികളിലെത്തുന്നത്. അത്രമാത്രം സാധാരണമാണ് ഈ വെല്ലുവിളി എന്ന് സാരം.

ബിപി നിയന്ത്രിക്കണമെങ്കില്‍ പ്രധാനമായും നാം ജീവിതരീതികള്‍- വിശേഷിച്ചും ഡയറ്റ്, അഥവാ ഭക്ഷണരീതിയിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കേണ്ടിവരാം. ചിലത് നല്ലതുപോലെ നിയന്ത്രിച്ചാല്‍ മതിയാകും. ചില ഭക്ഷണങ്ങളാകട്ടെ ബിപി നിയന്ത്രിക്കുന്നതിന് നാം ഡയറ്റിലുള്‍പ്പെടുത്തുകയും വേണം. ഇത്തരത്തില്‍ ബിപിയുള്ളവര്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.

ഒന്ന്…

സിട്രസ് ഫ്രൂട്ട്സ്: പേരില്‍ സൂചിപ്പിക്കുന്നത് പോലെ അസിഡിക് ആയ ചില പഴങ്ങളെയാണ് (ഫ്രൂട്ട്സ്) സിട്രസ് ഫ്രൂട്ട്സ് എന്ന് വിശേഷിപ്പിക്കുന്നത്. ഓറഞ്ച്, മധുരനാരങ്ങ എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സ് വിഭാഗത്തില്‍ പെടുന്നതാണ്. ഓറഞ്ച് തന്നെ നല്ലതുപോലെ കഴിച്ചാല്‍ മതിയാകും. ഇതാണെങഅകില്‍ നമ്മുടെ നാട്ടില്‍ സുലഭവുമാണ്.

രണ്ട്…

മീൻ : നല്ലതുപോലെ കൊഴുപ്പടങ്ങിയ മീനുകള‍്‍ കഴിക്കുന്നതും ബിപി നിയന്ത്രിക്കാൻ സഹായിക്കും. ഇവയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡാണ് ഇതിന് സഹായകമാകുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ബിപി കുറയ്ക്കുന്നതിന് സഹായകമാകുമെന്ന് പല പഠനങ്ങളും മുമ്പേ വിലയിരുത്തിയിട്ടുള്ളതാണ്.

മൂന്ന്…

ഇലക്കറികള്‍: നമ്മുടെ നാട്ടില്‍ വ്യാപകമായി ലഭിക്കുന്ന വിഭവങ്ങളാണ് ഇലക്കറികള്‍. ഇതും ബിപി നിയന്ത്രിക്കുന്നതിനായി ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്താവുന്നതാണ്. ഇലക്കറികളിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ബിപി നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്.

നാല്…

നട്ട്സ് & സീഡ്സ് : മത്തൻകുരു, ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ്, വാള്‍നട്ട്സ്, ബദാം, പിസ്ത എന്നിങ്ങനെയുള്ള നട്ട്സും സീഡ്സുമെല്ലാം ദിവസവും ഒരല്‍പം കഴിക്കുന്നതും ബിപി നിയന്ത്രിക്കാൻ നല്ലതാണ്. നട്ട്സിലും സീഡ്സിലുമെല്ലാം ഉള്ള ‘ഫൈബര്‍’, ‘അര്‍ജിനൈൻ’ പോലുള്ള പോഷകങ്ങളാണ് ബിപി നിയന്ത്രിക്കുന്നത്.

അഞ്ച്…

പരിപ്പ്-പയര്‍വര്‍ഗങ്ങള്‍ : പരിപ്പ്, ബീൻസ്, കടല പോലുള്ള പരിപ്പ്- പയര്‍വര്‍ഗങ്ങളെല്ലാം മിതമായ അളവില്‍ ദിവസവും ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാണ് ബിപി കുറയ്ക്കുന്നതിന് സഹായകമാകുന്നത്.

ആറ്…

ക്യാരറ്റ് : മിക്കവര്‍ക്കും ഇഷ്ടമുള്ളൊരു പച്ചക്കറിയാണ് ക്യാരറ്റ്. സലാഡ് ആയും, കറികളില്‍ ചേര്‍ത്തും, തോരനാക്കിയുമെല്ലാം ക്യാരറ്റ് കഴിക്കാവുന്നതാണ്. ഇതിലുള്ള ചില കോമ്പൗണ്ടുകള്‍ ബിപി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇതും ചില പഠനങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

ഏഴ്…

ഹെര്‍ബ്സ് & സ്പൈസസ്: ഹെര്‍ബ്സ് & സ്പൈസസ് എന്ന് പറയുമ്പോള്‍ നമ്മള്‍ ദിവസവും അടുക്കളയിലുപയോഗിക്കുന്ന പലതും ഇതിലുള്‍പ്പെടും. കുരുമുളക്, വെളുത്തുള്ളി, ജീരകം, കറുവപ്പട്ട, ഏലയ്ക്ക, ഇഞ്ചി, ഒറിഗാനോ, ബേസില്‍ എല്ലാം ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ് കെട്ടോ.

ശ്രദ്ധിക്കേണ്ടത്…

ബിപി നിയന്ത്രിക്കുന്നതിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. അവ ഒഴിവാക്കാതെ ഇപ്പറയുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊണ്ട് കാര്യമില്ല. അതുപോലെ ദിവസവും എന്തെങ്കിലും വ്യായാമവും ബിപിയുള്ളവര്‍ ചെയ്യണം. സ്ട്രെസ് ഇല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കണം. ഡയറ്റിനൊപ്പം ഇങ്ങനെ ചിലത് കൂടി കരുതിയാലോ ബിപി കുറയ്ക്കല്‍ എളുപ്പമാകൂ. അല്‍പമൊരു കരുതലുണ്ടെങ്കില്‍ ബിപി നിയന്ത്രിച്ച് മുന്നോട്ടുപോകാൻ ഒരു പ്രയാസവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *