Your Image Description Your Image Description
Your Image Alt Text

തലമുറകളായി നമുക്ക് കൈമാറി വന്ന സൗന്ദര്യ കൂട്ടുകളിൽ ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റോസ് വാട്ടര്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ പേരുകേട്ടതാണ്. ഇവ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ചുളിവുകളെ നീക്കം ചെയ്യാനും മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ എന്ന് നിസംശയം പറയാം. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്. ഇതിനായി റോസിന്‍റെ ഇതളുകളിട്ട ചൂടുവെള്ളമോ അല്ലെങ്കില്‍ പുറത്തു നിന്ന് വാങ്ങുന്ന റോസ് വാട്ടറോ മുഖത്ത് പുരട്ടാവുന്നതാണ്.

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിനായി രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും. മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോ​ഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും. ത്വക്കിന്‍റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും.

റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. യുവത്വം നിലനിർത്താനും വാർദ്ധക്യം മൂലമുണ്ടാകുന്ന വരകളും ചുളിവുകളും ഒരു പരിധി വരെ തടയാനും റോസ് വാട്ടർ പതിവായി മുഖത്ത് പുരട്ടാം. കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി, റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ ഇവ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *